കവര്‍ തുറക്കുമ്പോള്‍ കൊതിയൂറുന്ന മണം… വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന മാര്‍ദ്ദവം. അലിഞ്ഞിറങ്ങുമ്പോള്‍ ഉള്ളം നിറയ്ക്കുന്ന രുചി.…ഓരോ ചോക്ലേറ്റും ഒരു അനുഭവമാണ്. ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമാണ്. പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ഈ മധുരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.
മിഠായിയായോ ഡെസേര്‍ട്ടോ ഷെയ്ക്കോ സ്മൂത്തിയോ അങ്ങിനെ ഏത് രൂപത്തിലും ചോക്ലേറ്റിനു മാറ്റ് പത്തു തന്നെ. മെക്സിക്കോയിലും തെക്കന്‍ അമേരിക്കയിലും മാത്രം ലഭ്യമായിരുന്ന ചോക്ലേറ്റ് 1500കളിലാണ് യൂറോപ്പിലെത്തുന്നത്. പിന്നീട് ചക്രവര്‍ത്തിമാര്‍ക്കും പര്യവേക്ഷകര്‍ക്കുമൊപ്പം ലോകം മുഴുവന്‍ കറങ്ങിയ ഈ മധുരം എല്ലായിടത്തും ഒരുപോലെ സ്വീകാര്യമായിരുന്നു.
ഓരോ നാട്ടിലെയും രുചികള്‍ക്കൊപ്പം ഇടകലര്‍ന്നും കയ്പു കലര്‍ന്ന ആ രുചി കൈമോശം പോകാതെയും ചോക്ലേറ്റ് പ്രിയപ്പെട്ട മധുരമായി തുടര്‍ന്നു. രുചി മാത്രമല്ലായിരുന്നു ചോക്ലേറ്റിനു കടന്നുചെല്ലുന്നിടത്തെല്ലാം പ്രിയം നേടികൊടുക്കാന്‍ സഹായിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ചോക്ലേറ്റ്.
ആരോഗ്യ ഗുണങ്ങള്‍
ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറെ സഹായകരമാണ് ചോക്ലേറ്റ്. പഞ്ചസാരയോ മറ്റു പദാര്‍ഥങ്ങളോ ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് ഏറെ നല്ലതാണ്. മിതമായ രീതിയില്‍ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും.
തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് നല്ലതാണ്. ചിന്താശേഷിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനും ഇവ മികച്ച മാര്‍ഗമാണ്. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആവശ്യമായ അളവില്‍ കലോറി അടങ്ങിയിരിക്കുന്നതാണ് പൊണ്ണത്തടി കുറയ്ക്കാന്‍ ചോക്ലേറ്റ് ഉപയോഗിക്കാന്‍ കാരണം.