പട്‌ന : ലോക ജനശക്തി പാർട്ടിയില്‍ (എല്‍ജെപി) വിമതനീക്കം തുടരുന്നതിനിടെ അനുനയ ശ്രമങ്ങളുടെ ഭാഗമായി അമ്മാവന്‍ പശുപതി പാസ്വാന്‍റെ വസതിയിലെത്തി പാര്‍ട്ടി നേതാവും എംപിയുമായ ചിരാഗ് പാസ്വന്‍. എന്നാല്‍ പശുപതിയുമായി ചിരാഗിന് കൂടിക്കാഴ്ച നടത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായ ചിരാഗ് പാസ്വാനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള പ്രത്യേക ബ്ലോക്കായി തങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ട് വിമത നീക്കം നടത്തുന്ന അഞ്ച് എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി.
ചിരാഗ് പാസ്വാന്‍റെ അമ്മാവന്‍ പശുപതി പസ്വാന്‍റെ നേതൃത്വത്തില്‍ അഞ്ച് എംപിമാരാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃ സ്ഥാനത്ത് നിന്ന് ചിരാഗ് പാസ്വാനെ നീക്കി പകരം ഹാജിപൂർ എംപിയായ പശുപതി പാസ്വാനെ കൊണ്ടുവരണമെന്നാണ് എംപിമാരുടെ ആവശ്യം. പ്രിൻസ് രാജ്, ചന്ദൻ സിങ്, വീണ ദേവി, മെഹ്ബൂബ് അലി കൈസർ എന്നിവരാണ് പശുപതിയെ കൂടാതെ വിമത നീക്കം നടത്തുന്ന എംപിമാർ. ആറ് എംപിമാരുള്ള പാര്‍ട്ടിയില്‍ ഇവരുടെ നിര്‍ദേശം സ്പീക്കര്‍ക്ക് അംഗീകരിക്കേണ്ടി വരും.
Read more: ചിരാഗ് പസ്വാനെതിരെ പാര്‍ട്ടിക്കുള്ളില്‍ കരുനീക്കം ശക്തം; സ്പീക്കര്‍ക്ക് കത്ത്
എല്‍ജെപിയിലെ പ്രതിസന്ധി
ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് ശേഷം വലിയ പ്രതിസന്ധിയാണ് എല്‍ജെപി നേരിടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ഇരുന്നൂറോളം പേര്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു. വിമത നീക്കം നടത്തുന്ന അഞ്ച് എംപിമാരും ജെഡിയുവില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.