ന്യൂഡല്‍ഹി : നേപ്പാള്‍ സ്വദേശിനിയെന്ന് തെറ്റിദ്ധരിപ്പിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ചൈനീസ് യുവതി അറസ്റ്റില്‍. മതിയായ രേഖകള്‍ ഇല്ലാതെ താമസിക്കുകയായിരുന്ന കായ് റുവോ എന്ന ചൈനീസ് യുവതിയാണ് പിടിയിലായത്. ഡല്‍ഹി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ മജ്‌നു കാ തിലയില്‍ വച്ചാണ് കായ് റുവോ അറസ്റ്റിലായത്.
വ്യാജ തിരിച്ചറിയല്‍ രേഖയുമായി ദേശവിരുദ്ധ പ്രവര്‍ത്തനം ; ചൈനീസ് യുവതി ഡല്‍ഹിയില്‍ അറസ്റ്റില്‍ - മജ്‌നു കാ തില
കായ് റുവോ എന്ന ചൈനീസ് യുവതിയാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസ് നടത്തിയ തെരച്ചിലില്‍ ഡല്‍ഹിയിലെ മജ്‌നു കാ തിലയില്‍ വച്ചാണ് കായ് റുവോ പിടിയിലായത്
പരിശോധനയില്‍, നേപ്പാളിലെ കാഠ്‌മണ്ഡുവിൽ താമസിക്കുന്ന ഡോൾമ ലാമയുടെ പേരിലുള്ള പൗരത്വ സർട്ടിഫിക്കറ്റ് അവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ഫോറിൻ റീജ്യണല്‍ രജിസ്‌ട്രേഷൻ ഓഫിസുമായി (എഫ്‌ആർആർഒ) ബന്ധപ്പെട്ടപ്പോഴാണ് യുവതി ചൈനീസ് പൗരയാണെന്നും 2019ല്‍ അവിടുത്തുകാരിയാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഇന്ത്യയിലേക്ക് വന്നതാണെന്നുമുള്ള വിവരം ലഭിച്ചത്.
120 ബി (ക്രിമിനൽ ഗൂഢാലോചന), 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചനയും സത്യസന്ധമല്ലാതെയുള്ള വസ്‌തു കൈമാറ്റവും), 467 (വ്യാജരേഖ ചമയ്ക്കൽ) തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും കൂടാതെ ഫോറിനേഴ്‌സ് ആക്‌ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരം ഒക്‌ടോബര്‍ 17 ന് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.