തേസ്‌പൂർ: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ മിറം തരോണിനെ ചൈനീസ് ആർമി തിരികെ ഏൽപ്പിച്ചത് മറ്റൊരു കുടുംബത്തിന് പ്രതീക്ഷയാകുന്നു. സിയോമി സ്വദേശിയായ അമോനി ദിറോ പുലോമാണ് ഭർതൃപിതാവിനെ ഏഴ് വർഷമായി കാണാനില്ലെന്ന പരാതിയുമായി വീണ്ടും രംഗത്തെത്തിയത്. 2015ൽ തന്‍റെ ഭർതൃപിതാവിനെ ചൈനീസ് സൈനികർ തട്ടിക്കൊണ്ടുപോയെന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.
ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ടാഗി ബോഗു പാസിൽ വേട്ടയാടാൻ പോയ ഭർതൃപിതാവായ താപോർ പുലോമിനെ 2015 ഓഗസ്റ്റ് ആദ്യവാരം മുതലാണ് കാണാതായത്. സുഹൃത്തായ ടാക്ക യോർച്ചിക്കൊപ്പമാണ് അദ്ദേഹം വേട്ടയാടാനായി പോയത്. എന്നാൽ ആഴ്‌ചകൾക്ക് ശേഷം യോർച്ചി തിരിച്ചെത്തി.
താപോർ പുലോത്തെ ചൈനീസ് സൈനികർ കൊണ്ടുപോയതായി കണ്ടെന്ന് യോർച്ചിയെ ഉദ്ദരിച്ച് അമോനി ദിറോ അവകാശപ്പെട്ടു. താപോർ പുലോമിനെ തിരഞ്ഞ് മകൻ ബിക്കി പുലോമിനൊപ്പം അമോനി ദിറോ കാടുകളിൽ അന്വേഷിച്ചെന്നും അവിടെ വച്ച് താപോർ ധരിച്ച ജാക്കറ്റും തോക്കും, കൊണ്ടുപോയ പാത്രങ്ങളും കണ്ടെത്തിയെന്ന് അമോനി ദിറോ പറയുന്നു.