ബീജിംങ്ങ്: പൊതു വേദികളിലെ അസാന്നിദ്ധ്യം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ പദവിയില്‍ നിന്ന് നീക്കിയതായി ഒടുവില്‍ ചൈന സ്ഥിരീകരിച്ചു. ക്വിന്‍ ഗാങ്ങിനു പകരം വാങ്ങ് യി ആയിരിക്കും പുതിയ വിദേശ കാര്യ മന്ത്രിയെന്നും പുതിയ വിദേശ കാര്യ മന്ത്രി വ്യക്തമാക്കി. എന്നാല്‍ ക്വിന്‍ ഗാങ്ങിന് പകരം ചുമതല എന്തെങ്കിലും നല്‍കിയതായി വിദേശ കാര്യ മന്ത്രാലയം സൂചന നല്‍കിയില്ല.
ക്വിന്നിനെ നീക്കാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര വേദികളിലും നയതന്ത്ര ചര്‍ച്ചകളിലും കഴിഞ്ഞ ഒരു മാസമായി ചൈനീസ് വിദേശ കാര്യ മന്ത്രിയെ കാണാതായതോടെ ഇക്കാര്യം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചൈനയുടെ വിദേശ കാര്യ നയം രാജ്യാന്തര തലത്തില്‍ തന്നെ തിരിച്ചടി നേരിടുന്ന വേളയിലാണ് ക്വിന്നിനെ പദവിയില്‍ നിന്ന് മാറ്റിയതെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ വിരോധം കാരണം ക്വിന്നിനെ അകറ്റി നിര്‍ത്തിയതാണെന്നും വിവാഹേതര ബന്ധങ്ങളും വ്യക്തി പരമായ ആരോപണങ്ങളും കാരണമാണ് അകറ്റി നിര്‍ത്തിയത് എന്നുമുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു.
പൊതുമധ്യത്തില്‍ നിന്നും അപ്രത്യക്ഷനായി ക്വിന്‍: ജൂൺ 25 ന് ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങ്ങിൽ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയാണ് 57-കാരനായ ക്വിൻ ഗാങ് പങ്കെടുത്ത അവസാന പൊതുപരിപാടി. അതിനുശേഷം അദ്ദേഹം പൊതുമധ്യത്തില്‍ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ഭരണ നേതൃത്വങ്ങളില്‍ ഉള്ളവരെ സംബന്ധിച്ചുള്ള അവ്യക്തതകള്‍ക്ക് പേരുകേട്ട രാജ്യമാണ് ചൈന.
അവിടെ എന്താണ് നടക്കുന്നതെന്ന് സാധാരണയായി വളരെ വൈകിയാണ് പുറംലോകം അറിയാറുള്ളത്. അതുകൊണ്ടുതന്നെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ചൈനയ്‌ക്ക് പുറത്തും പ്രശസ്‌തനായ ക്വിൻ ഗാങ്ങിന്‍റെ പൊതുവേദികളിലെ അസാന്നിധ്യം ചൂടേറിയ ചർച്ചകൾക്കാണ് വഴിവച്ചിട്ടുള്ളത്. ഗാങ്ങിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തത നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്.
ഗാങ്ങിന്‍റെ അസാന്നിധ്യം നയതന്ത്ര പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല: ഉന്നയിച്ച കാര്യത്തെക്കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഈ മാസം ആദ്യം ഒരു പതിവ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്. കഴിഞ്ഞയാഴ്‌ച ഇതേ വിഷയത്തെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ തനിക്ക് ഇക്കാര്യത്തിൽ ധാരണയില്ലെന്നായിരുന്നു പ്രതികരണം. ക്വിൻ ഗാങ്ങിന് പകരം മുന്‍ വിദേശകാര്യ മന്ത്രിയും സെന്‍ട്രല്‍ ഫോറിന്‍ അഫയേഴ്‌സ് ഡയറക്‌ടറുമായ വാങ് യീയാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിനൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നത്.
ആസിയാൻ ഉച്ചകോടികളിൽ അടക്കം പങ്കെടുത്ത വാങ് യീ ഓഗസ്റ്റ് 24 മുതൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗിൽ ആരംഭിക്കുന്ന ബ്രിക്‌സ് ദേശീയ സുരക്ഷ ഉപദേഷ്‌ടാക്കളുടെയും ഉന്നത പ്രതിനിധികളുടെയും സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് ചൈനീസ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ ഗാങ്ങിന്‍റെ രാഷ്‌ട്രീയ ഭാവി അവസാനിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഗാങ്ങിന്‍റെ അസാന്നിധ്യത്തിലും ചൈനയുടെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നായിരുന്നു അധികൃതരുടെ വാദം.