ലഡാക്ക് : അതിർത്തിമേഖലകളിൽ ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായി ഹോട്ട് സ്പ്രിങ്സിന് സമീപം ചൈന അടുത്തിടെ മൂന്ന് മൊബൈൽ ടവറുകൾ സ്ഥാപിച്ചതായി ലഡാക്കിലെ ചുഷുൽ കൗൺസിലർ. പാൻഗോങ് തടാകത്തിന് കുറുകെയുള്ള പാലം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ അതിർത്തിയോടടുത്തുള്ള ചൈനയുടെ ഹോട്ട് സ്പ്രിങ്സിന് സമീപം (ചൂടുവെള്ളമുള്ള തടാകം) മൊബൈൽ ടവറുകൾ സ്ഥാപിച്ചതെന്ന് ചുഷുൽ കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൻ ട്വിറ്ററിലൂടെ അറിയിച്ചു.
വികസനം വേണമെന്ന് കൗൺസിലർ : ചൈനയുടെ നീക്കം ആശങ്കാജനകമാണെന്ന് ഓർമപ്പെടുത്തിയ അദ്ദേഹം, തന്‍റെ മണ്ഡലത്തിലെ നിരവധി മേഖലകൾ അടിസ്ഥാന സൗകര്യങ്ങളിൽ വളരെ പിന്നാലാണെന്നും ചൂണ്ടിക്കാട്ടി. തന്‍റെ നിയോജകമണ്ഡലത്തിലെ 11 ഇടങ്ങള്‍ ഉൾപ്പടെ മനുഷ്യവാസമുള്ള പല ഗ്രാമങ്ങളിലും 4ജി സൗകര്യമില്ലാത്ത സാഹചര്യത്തിൽ ചൈനയുടേതുപോലെ അടിസ്ഥാനസൗകര്യങ്ങൾ തങ്ങൾക്കും വേണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.