അന്ധേരി (മഹാരാഷ്‌ട്ര): മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി കുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മഹാരാഷ്‌ട്ര അന്ധേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് വയസുള്ള ആണ്‍കുട്ടിയേയും നവജാത ശിശുവിനെയുമാണ് മാതാപിതാക്കള്‍ 60,000 രൂപയ്‌ക്കും 14,000 രൂപയ്‌ക്കും വിറ്റത് (Children sold for money to buy drugs in Maharashtra).
ബുധനാഴ്‌ച രാത്രിയിലാണ് ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്‌തത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് മൂത്ത കുട്ടിയെ മാതാപിതാക്കള്‍ വില്‍പന നടത്തിയത്. കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മിഷണര്‍ രാജ് തിലക് റോഷന്‍ അറിയിച്ചു.
ബന്ധുവാണ് സംഭവത്തില്‍ പൊലീസിനെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് കുട്ടികളുടെ പിതാവ് ഷബീര്‍ സംഷേര്‍ ഖാന്‍, മാതാവ് സാനിയ ഷബീര്‍ ഖാന്‍, ഉഷ റാത്തോഡ്, ഷക്കീല്‍ മക്രാനി എന്നിവര്‍ക്കെതിരെ കേസ് എടുത്തു. ഷബീറിന്‍റെ സഹോദരി ആണ് പരാതിക്കാരി.
മയക്കുമരുന്നിന് അടിമകളായ മാതാപിതാക്കള്‍ : പരാതിക്കാരിയായ ഷബീറിന്‍റെ സഹോദരി ബാന്ദ്ര പ്രദേശത്താണ് താമസിക്കുന്നത്. സഹോദരിക്കൊപ്പം ആയിരുന്നു ഷബീറും കുടുംബവും കഴിഞ്ഞിരുന്നത്. ഷബീറും സാനിയയും മയക്കുമരുന്നിന് അടിമകളായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെ ദമ്പതികള്‍ കുടുംബവീട്ടില്‍ നിന്ന് സാനിയയുടെ വെര്‍സോവയിലെ വീട്ടിലേക്ക് താമസം മാറി. സുബാന്‍ എന്നും ഹുസൈന്‍ എന്നും പേരുള്ള രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്ക് ഉണ്ടായിരുന്നത്.