ദാതിയ : മധ്യപ്രദേശിലെ ദാതിയ ജില്ലയില്‍ ഗണേശ വിഗ്രഹം കുളത്തിൽ നിമഞ്ജനം ചെയ്യുന്നതിനിടെ നാല് കുട്ടികൾ മുങ്ങി മരിച്ചു (Children drowned during Ganesha idol immersion in MP). സംഭവത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവാൽ ബിദാനിയ ഗ്രാമത്തിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് ദാരുണസംഭവം. 10 ദിവസം നീണ്ട ഗണേശോത്സവത്തിന്‍റെ സമാപനത്തിനിടെയാണ് ദുരന്തമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത നാല് കുട്ടികളുടെ ദാരുണമായ മരണം ഗ്രാമത്തെ സങ്കടത്തിലാഴ്ത്തി. മൂന്ന് പെൺകുട്ടികൾ ഉൾപ്പടെ മരിച്ചവർ 14നും 16നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് എത്തി മൃതദേഹങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവമറിഞ്ഞ് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
വിഗ്രഹ നിമഞ്ജനത്തിനായാണ് കുട്ടികൾ കുളക്കരയിലെത്തിയത്. ഏഴ് കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങുന്നതായി ചില ഗ്രാമീണർ കണ്ടു. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്താനായെങ്കിലും മറ്റ് നാല് പേർ മരിച്ചതായി പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മ പറഞ്ഞു. രക്ഷപ്പെടുത്തിയ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വിദഗ്‌ധ ചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്. സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
രാജസ്ഥാനിലും സമാന സംഭവം :രാജ്‌സമന്ദില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികള്‍ ഇക്കഴിഞ്ഞയിടെ മുങ്ങി മരിച്ചിരുന്നു. ഒരു കുടുംബത്തിലെ നാല് കുട്ടികളാണ് മരിച്ചത്. കുളിക്കാന്‍ പോയ കുട്ടികള്‍ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴക്കാലം തുടങ്ങിയതോടെ കുളത്തിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.