കൊല്‍ക്കത്ത:ബങ്കുരയില്‍ വീടിന്‍റെ ഭിത്തി തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ബിഷ്‌ണുപൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബക്കാഡ ബോറമാര ഗ്രാമവാസികളായ 3,4,5 വയസുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ഇന്ന് (സെപ്‌റ്റംബര്‍ 30) രാവിലെയാണ് സംഭവം.
കുട്ടികള്‍ മൂവരും വീടിന് അകത്ത് കളിച്ച് കൊണ്ടിരിക്കെയാണ് ഭിത്തി തകര്‍ന്ന് വീണത്. ഇതോടെ മൂന്ന് പേരും ഭിത്തിക്കടിയില്‍ പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് തകര്‍ന്ന് വീണ ഭിത്തിയുടെ അവശിഷ്‌ടങ്ങള്‍ മാറ്റി കുട്ടികളെ പുറത്തെടുത്തു. ഭിത്തിയുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെട്ട് പരിക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ബിഷ്‌ണുപൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയാണ് ഭിത്തി തകര്‍ന്ന് വീഴാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തില്‍ ഇത്തരത്തില്‍ മണ്‍ ഭിത്തിയുള്ള നിരവധി വീടുകള്‍ ഉണ്ട്. എന്നാല്‍ ഈ വീടിന്‍റെ ഭിത്തി മാത്രമാണ് ഇത്തരത്തില്‍ തകര്‍ന്ന് വീണിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
മഹാരാഷ്‌ട്രയിലും സമാന സംഭവം (Wall Collapsed In Maharashtra):അടുത്തിടെയാണ് മഹാരാഷ്‌ട്രയിലെ ഭിവണ്ടിയില്‍ നിന്നും സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരുനില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്.