പൂനെ:പൂനെയിലെ കോണ്ട്‌വയില്‍ 11കാരനെ 22 നായ്ക്കള്‍ക്കൊപ്പം രണ്ടു വര്‍ഷത്തോളം പൂട്ടിയിട്ട സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റു ചെയ്‌തു. ഇരുവര്‍ക്കും മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പ്രാഥമിക നിഗമനം. ഇവരെ സിഡബ്ല്യുസിയിലേക്ക് അയച്ചു. നാളെ കോടതിയില്‍ ഹാജരാക്കും.
നായ പ്രേമികളാണെന്ന് മാതാപിതാക്കൾ: ഇവര്‍ യഥാര്‍ഥ നായ പ്രേമികളാണോ എന്നും കുട്ടിയെ നായ്ക്കള്‍ക്കൊപ്പം പൂട്ടിയിട്ടതിന്‍റെ പിന്നിലെ ലക്ഷ്യം എന്താണെന്നും വിശദമായ അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് കോണ്ട്‌വ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ സർദാർ പാട്ടീൽ പറഞ്ഞു. ലോക്ക്‌ഡൗണ്‍ സമയത്താണ് മാതാപിതാക്കള്‍ മകനെ നായ്ക്കള്‍ക്കൊപ്പം പൂട്ടിയിട്ടത്.
കുട്ടിയുടെ അവസ്ഥ മനസിലാക്കിയ സമീപവാസികള്‍ ധ്യാൻ ദേവി ചൈൽഡ്‌ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ലോക്ക്‌ഡൗണിനു ശേഷം സ്‌കൂളില്‍ പോയി തുടങ്ങിയ കുട്ടി നായയെ പോലെ പെരുമാറി. മറ്റു വിദ്യാര്‍ഥികളെ ഈ കുട്ടി കടിക്കുകയായിരുന്നുവെന്നും കുട്ടിക്ക് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പൊലീസിനോട് പറഞ്ഞു.
കൂടാതെ, വീട്ടില്‍ നിന്ന് പട്ടി കുരക്കുന്നതും ദുര്‍ഗന്ധം വരുന്നതും സംബന്ധിച്ച് കുടുംബം താമസിക്കുന്ന കെട്ടിടത്തിലെ താമസക്കാരും പൊലീസിൽ പരാതി നൽകിയിരുന്നു. നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. നായ്ക്കള്‍ക്കൊപ്പമുള്ള വാസം കുട്ടിയുടെ മാനസിക നിലയെ ബാധിച്ചതിനാല്‍ വിശദമായ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Also Read 22 തെരുവുനായ്‌ക്കൾക്കൊപ്പം 11കാരൻ കഴിഞ്ഞത് രണ്ടുവർഷത്തോളം, പെരുമാറ്റവും നായയെപ്പോലെ