മുംബൈ : ബിഹാർ - പൂനെ ട്രെയിനിൽ മനുഷ്യക്കടത്തുകാരിൽ നിന്ന് 59 കുട്ടികളെ രക്ഷപ്പെടുത്തി. സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും (ആർപിഎഫ്) മഹാരാഷ്‌ട്ര പൊലീസിന്‍റെയും സംയുക്ത ഇടപെടലിലാണ് ബുധനാഴ്‌ച കുട്ടികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കുട്ടികളെ മഹാരാഷ്‌ട്രയിലെ ഭൂസാവൽ, മൻമാഡ് എന്നിവിടങ്ങളിൽ വച്ച് ദനാപൂർ - പൂനെ സ്‌പെഷ്യൽ എക്‌സ്‌പ്രസ് ട്രെയിനിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും ആർപിഎഫും എൻജിഒ അംഗങ്ങളും ചേർന്ന് ഭുസാവൽ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. എട്ടിനും 15 നും ഇടയിൽ പ്രായമായ 29 കുട്ടികളെ ഇവിടെ നിന്ന് സംഘം രക്ഷപ്പെടുത്തി.
പിന്നീട് ഇതേ പ്രായത്തിലുള്ള 30 കുട്ടികളെ മൻമാഡിൽ വച്ച് ട്രെയിനിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓപ്പറേഷൻ എഎഎച്ച്‌ടി വഴിയാണ് അന്വേഷണ സംഘം കുട്ടികളെ കണ്ടെത്തിയത്. ബിഹാറിൽ നിന്ന് കൊണ്ടുവന്ന് സാഗ്ലിയിലേയ്‌ക്ക് അയക്കാനിരുന്ന കുട്ടികളെയാണ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളെ രക്ഷപ്പെടുത്തി : കഴിഞ്ഞ വർഷം മനുഷ്യക്കടത്ത് സംഘങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ ജാര്‍ഖണ്ഡ് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ജാര്‍ഖണ്ഡിലെ ഗിരിഡീഹ്, കുന്തി എന്നീ ജില്ലകളില്‍ നിന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയത്. ഇവരെ യുപി, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്.