ധൻബാദ്: ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ ഉറങ്ങിക്കിടന്ന രക്ഷിതാക്കളുടെ അടുത്ത് നിന്ന് ബൈക്കിലെത്തിയ രണ്ട് അജ്‌ഞാതർ പെൺകുഞ്ഞിനെ തട്ടികൊണ്ടു പോയതായി പരാതി. ശനിയാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ഒരു മാസം പ്രായമുള്ള പെൺകുട്ടിയെ സംഘം മോഷ്‌ടിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നെങ്കിലും പൊലീസ് വിഷയത്തിൽ കേസെടുത്തില്ല.
ഉറങ്ങിക്കിടന്ന രക്ഷിതാക്കളുടെ അടുത്ത് നിന്ന് കുഞ്ഞിനെ മോഷ്‌ടിച്ചു; കേസെടുക്കാതെ പൊലീസ് - അജ്‌ഞാതർ തട്ടികൊണ്ട് പോയി
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ സ്വന്തമായി അന്വേഷിക്കാൻ പറഞ്ഞതായി പെൺകുട്ടിയുടെ പിതാവ് അശോക് രേവാനി പറഞ്ഞു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ സ്വന്തമായി അന്വേഷിക്കാൻ പറഞ്ഞതായി പെൺകുട്ടിയുടെ പിതാവ് അശോക് രേവാനി പറഞ്ഞു. അതേസമയം, കുട്ടിയെ മോഷ്‌ടിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ജോഡഫടക് കബ്രിസ്ഥാൻ റോഡിന് സമീപമുള്ള നടപ്പാതയിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടി ഉറങ്ങുകയായിരുന്ന സ്ഥലത്തേക്ക് ബൈക്കിൽ രണ്ട് പേർ എത്തുകയായിരുന്നു.
പിന്നീട് ബൈക്ക് റിപ്പയർ ചെയ്യാനെന്ന വ്യാജേന ബൈക്ക് നിർത്തുകയും പ്രദേശത്ത് വാഹനങ്ങളുടെ സഞ്ചാരം കുറഞ്ഞതോടെ പ്രതികൾ കുട്ടിയുമായി കടന്നുകളയുകയുമായിരുന്നു. വിഷയത്തിൽ നീതി തേടി പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം ചെയ്യുമെന്ന് ദിവസക്കൂലിക്കാരായ രക്ഷിതാക്കൾ ആരോപിച്ചു.