ഭുവനേശ്വർ (ഒഡിഷ): 14 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പരമ്പരാഗത വൈദ്യ ചികിത്സ നടത്തുന്ന സ്‌ത്രീയും മൂന്ന് ആണ്‍മക്കളും പിടിയില്‍. അംഗുൽ ജില്ലയിലെ സുബർണാപൂർ ഗ്രാമത്തിലെ കിയാകട പൊലീസ് സ്‌റ്റേഷന് സമീപം താമസിച്ചിരുന്ന സഞ്ചിത് ബിസ്വാളിനെ (14) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇവര്‍ അറസ്‌റ്റിലായത്. വൈദ്യ ചികിത്സ നടത്തിവന്നിരുന്ന റിതാഞ്ജലി ബാഗ്, അവരുടെ മൂന്ന് ആൺമക്കളായ ദിബ്യരഞ്ജൻ, സൗമ്യരഞ്ജൻ, ജ്യോതിരഞ്ജൻ എന്നിവരാണ് പൊലീസ് പിടിയിലായിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് പ്രദേശവാസികള്‍ പറയുന്നതിങ്ങനെ: സഞ്ചിത് ബിസ്വാളിന് അസുഖമായതിനെ തുടര്‍ന്ന് മാതാവ് ബസന്തി, ജൂലൈ 22 ന് റിതാഞ്ജലി ബാഗ് നടത്തുന്ന മംഗള ദേവിയുടെ പ്രത്യേക ആരാധനാലയമായ മംഗള കോതിയില്‍ കുട്ടിയുമായെത്തി. അന്ന് രാത്രി മാതാവിനും കുട്ടിക്കും ഇവര്‍ ഉറങ്ങാന്‍ വെവ്വേറെ സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ പിറ്റേന്ന് പകല്‍ കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് എവിടെയും കണ്ടെത്താതെ വന്നതോടെ ഇവര്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജൂലൈ 24 ന് കേസും എടുത്തു.
കൊലപാതകം പുറംലോകമറിയുന്നത് ഇങ്ങനെ: മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം ജൂലൈ 28 ന് ബറൂണി വനമേഖലയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സഞ്ചിത്തിന്‍റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിക്കുകയും ഇതിന്‍റെ ഭാഗമായി പൊലീസ് വാഹനം കത്തിക്കുകയും ചെയ്‌തു. മാത്രമല്ല, കിയാകട -അത്തമല്ലിക് റോഡും കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ഉപരോധിച്ചു. തുടര്‍ന്ന് സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിക്കുന്നത്. ഇതിനിടെ കുട്ടിയുടെ മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയും മംഗള കോതി അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്‌തു.