ഗുവാഹത്തി : അസമിൽ ശൈശവ വിവാഹത്തിനെതിരെ (child marriage) സംസ്ഥാന വ്യാപകമായി നടന്ന നടപടിയിൽ ആയിരത്തിലധികം പേർ അറസ്‌റ്റിൽ. സംസ്ഥാന സർക്കാർ നടത്തിയ രണ്ടാംഘട്ട ഓപ്പറേഷനിലാണ് ഇത്രയധികം പേർ അറസ്‌റ്റിലായതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ (Chief Minister Himanta Biswa Sarma) അറിയിച്ചു. ഈ വർഷം ആദ്യം സംസ്ഥാനത്തുടനീളം നടത്തിയ ആദ്യഘട്ട ഓപ്പറേഷനിലും രണ്ടായിരത്തോളം പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ശൈശവ വിവാഹത്തിനെതിരായ നടപടിയിൽ ഒക്‌ടോബർ മൂന്നിന് 1039 പേരെ അറസ്‌റ്റ് ചെയ്‌തതായി ശർമ ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു. ഓപ്പറേഷൻ തുടരുന്നതിനാൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്‌റ്റിലാകുന്നവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ശർമ കൂട്ടിച്ചേർത്തു. ഫെബ്രുവരി മുതലാണ് അസം സർക്കാർ ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചത്.
ശൈശവ വിവാഹ കേസുകളിൽ പോക്‌സോ നിയമ പ്രകാരം നടപടി :തുടർന്ന് രജിസ്‌റ്റർ ചെയ്‌ത 4,300 എഫ്‌ഐആറുകളിലായി 3,500 ഓളം പേരെ അറസ്‌റ്റ് ചെയ്‌തു. ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ സംസ്ഥാനത്ത് ആകെ 3,907 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അതിൽ 3,319 പേർക്കെതിരെ പോക്‌സോ നിയമ (POCSO Act) പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും കഴിഞ്ഞ മാസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.