മൊറേന :രണ്ട് വയസുള്ള സഹോദരന്‍റെ മൃതദേഹം മടിയില്‍വച്ച് റോഡരികില്‍ എട്ടുവയസുകാരന്‍ ഇരുന്നത് മണിക്കൂറുകള്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ശനിയാഴ്‌ചയാണ് വേദനാജനകമായ സംഭവം. അംബാ തെഹ്‌സിലിലെ ബദ്‌ഫ്ര നിവാസിയായ പൂജാറാം ജാതവിന്‍റെ കുട്ടിയാണ് അനീമിയയും മറ്റ് അസുഖങ്ങളും മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവാന്‍ വാഹനം വിളിക്കാന്‍ പോയ സമയത്താണ് എട്ടുവയസുകാരന് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. അംബയിലെ ആശുപത്രിയില്‍ നിന്നും ജില്ല ആശുപത്രിയിലേക്ക് വിദഗ്‌ധ ചികിത്സയ്‌ക്കായി ആംബുലന്‍സില്‍ എത്തിച്ചതായിരുന്നു കുട്ടിയെ. തുടര്‍ന്ന്, ചികിത്സയ്ക്കിടെ രണ്ടുവയസുകാരന്‍ മരിച്ചു.
ആംബുലൻസ് തിരികെ പോയ സാഹചര്യത്തില്‍ മൃതദേഹം കൊണ്ടുപോകാൻ വാഹനത്തിനായി ആശുപത്രി അധികൃതരെ പൂജാറാം സമീപിച്ചിരുന്നു. എന്നാല്‍, വാഹനം ശരിപ്പെടുത്തി നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. മൃതദേഹം കൊണ്ടുപോവാൻ സ്വകാര്യ ആംബുലൻസ് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ 1500 രൂപ ആവശ്യപ്പെട്ടു. ഇതുനല്‍കാന്‍ ജാതവിന്‍റെ പക്കൽ പണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, കുറഞ്ഞ പണത്തിന് വാഹനം അന്വേഷിച്ചുപോയ സമയത്ത് നെഹ്‌റു പാർക്കിന് മുന്‍പിലെ റോഡരികില്‍ മൃതദേഹം നോക്കാന്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു.