ലഖിംപൂർ ഖേരി (ഉത്തർ പ്രദേശ്): ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ സർക്കാർ നിർമിച്ച ശൗചാലയം ഇടിഞ്ഞു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഗുണനിലവാരമില്ലാത്ത വസ്‌തുക്കൾ ഉപയോഗിച്ചാണ് ശൗചാലയം നിർമിച്ചതെന്ന് ആരോപണം. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
സംഭവം നടന്നതിങ്ങനെ: ലഖിംപൂർ ഖേരിയിലെ മഗൽഗഞ്ച് പ്രദേശത്തെ ചപർതല ഗ്രാമത്തിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. പൊലീസ് വൃത്തങ്ങളുടെ അടിസ്ഥാനത്തിൽ 2016-ൽ ചപർത്തല നിവാസിയായ ലാൽറ്റയുടെ വീടിന് സമീപത്താണ് ശൗചാലയം നിർമിച്ചത്. ശനിയാഴ്‌ച ലാൽറ്റയുടെ മകൻ പങ്കജ് (5) സുഹൃത്തുക്കളോടൊപ്പം ടോയ്‌ലറ്റിന് സമീപം കളിക്കുകയായിരുന്നു. ഈ സമയത്ത് ടോയ്‌ലറ്റിന്‍റെ മേൽക്കൂരയും ഭിത്തിയും പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ടോയ്‌ലറ്റിന് സമീപം കളിക്കുകയായിരുന്ന പങ്കജിന്‍റെ പുറത്തേക്കാണ് കെട്ടിട അവശിഷ്‌ടങ്ങൾ വീണത്. കുട്ടി അവശിഷ്‌ടങ്ങൾക്കടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്‌തതായി ലോക്കൽ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ദീപക് റായ് പറഞ്ഞു.
നിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ!:ശൗചാലയം നിർമാണത്തിന് പണം സർക്കാർ ഫണ്ടിൽ നിന്ന് അനുവദിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുണനിലവാരമില്ലാത്ത വസ്‌തുക്കൾ ഉപയോഗിച്ചാണ് ശൗചാലയം നിർമിച്ചതെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നുമാണ്. അന്നത്തെ ഗ്രാമ പ്രധാൻ കരാറുകാരനുമായി ചേർന്ന് അഴിമതി കാണിച്ചെന്നും മോശം അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ചാണ് ശൗചാലയം നിർമിച്ചതെന്നും പരാതിയിൽ പറയുന്നു.
ആരോപണം നിഷേധിച്ച നിലവിലെ ഗ്രാമത്തലവൻ ശ്രാവൺ യാദവ് പറഞ്ഞത് ആറ് വർഷം മുമ്പ് ശൗചാലയം നിർമിച്ചതാണെന്നും സംഭവസമയത്ത് രണ്ട് മൃഗങ്ങൾ അതിന് സമീപം ഇടികൂടുകയായിരുന്നുവെന്നും അതിലൊന്ന് കെട്ടിടത്തിൽ കൂട്ടിയിടിച്ചാണ് കെട്ടിടം തകർന്നതെന്നും യാദവ് പറഞ്ഞു. എന്നാൽ ശൗചാലയം സുരക്ഷിതമല്ലെന്ന് ഭയന്ന് ആദ്യം മുതൽ ഉപയോഗിക്കാൻ ഭയക്കുന്ന തരത്തിലാണ് ടോയ്‌ലറ്റ് നിർമിച്ചതെന്നും ക്രമേണ അത് ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തിയെന്നും ലാൽറ്റ ആരോപിച്ചു. അന്നത്തെ ഗ്രാമ പ്രധാനും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് അവർക്കിഷ്‌ടമുള്ള കരാറുകാരനെ ശൗചാലയം നിർമിക്കാൻ ഏൽപ്പിക്കുകയായിരുന്നെന്നും ലാൽറ്റ പറഞ്ഞു. അന്നത്തെ ഗ്രാമത്തലവന്‍റെയും സെക്രട്ടറിയുടെയും പേരുകൾ ലാൽറ്റ പറഞ്ഞെങ്കിലും അവർക്കെതിരെ പരാതികൾ ഒന്നും നൽകിയിട്ടില്ല.
ആറുവയസുകാരൻ മുങ്ങിമരിച്ചത് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ:ഛത്തീസ്‌ഗഡിലെ റായ്‌പൂർ ജില്ലയിലെ സാഹു ബഡയിൽ ഫെബ്രുവരി 28ന് ആറുവയസുകാരൻ വീടിനടുത്തുള്ള കിണറ്റിൽ മുങ്ങിമരിച്ചതും നിമിഷ നേരത്തെ അശ്രദ്ധ കൊണ്ടും സുരക്ഷ സംവിധാനങ്ങളിലെ അലംഭാവം കാരണവുമാണ്. ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സാഹു ബഡയിൽ താമസിക്കുന്ന ആറ് വയസുകാരൻ മായങ്ക് സാഹു വൈകുന്നേരം നാല് മണിയോടെ ട്യൂഷനു പോയതായിരുന്നു. എന്നാൽ മായങ്ക് വീട്ടിൽ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് വീട്ടുകാർ ഗഞ്ച് പൊലിസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് പ്രദേശത്ത് വിശദമായ തെരച്ചിൽ നടത്തുകയും വീടിനടുത്തുള്ള കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്യുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. കിണറിന് ചുറ്റും സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാതിരുന്നതാണ് അപകടം വരുത്തിവച്ചത്.