കേരളം

kerala

ETV Bharat / bharat

'ജനങ്ങളിലേക്ക് എത്തിച്ചേരേണ്ടതുണ്ട്' ; ലക്ഷ്യഭാരവുമായി ജസ്റ്റിസ് രമണ, 'പ്രതീക്ഷയുടെ കിരണം' - ചീഫ് ജസ്റ്റിസ്

ഇന്ത്യയുടെ 48-ാമത്തെ ചീഫ് ജസ്റ്റിസ് ആയി ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് രമണ ആന്ധ്രാപ്രദേശില്‍ നിന്നും ഈ ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്. അഞ്ച് ദശാബ്‌ദങ്ങള്‍ക്ക് മുന്‍പ് ജസ്റ്റിസ് കോക സുബ്ബറാവു ആയിരുന്നു ആദ്യത്തെ ആന്ധ്രാപ്രദേശുകാരന്‍.

Justice Ramana  Chief Justice Ramana  എൻ വി രമണ  nv ramana  Chief Justice  ജസ്റ്റിസ് രമണ  ചീഫ് ജസ്റ്റിസ്  ചീഫ് ജസ്റ്റിസ് രമണ
Chief Justice Ramana

By

Published : Apr 25, 2021, 5:45 PM IST

'ജനങ്ങള്‍ക്ക് ഞങ്ങളിലേക്കെത്താന്‍ കഴിയുന്നില്ലെങ്കില്‍, ഞങ്ങള്‍ അവരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്'. കൃത്യം ഒരു മാസം മുന്‍പ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞ വാക്കുകളാണിത്. ഡല്‍ഹിയില്‍ ഒരു ഉദ്‌ഘാടന ചടങ്ങില്‍ സദസിനെ അഭിസംബോധന ചെയ്യവെ സൗജന്യമായി നിയമസഹായം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയ്‌ക്ക് വേണ്ടി വാദിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ 48-ാമത്തെ ചീഫ് ജസ്റ്റിസ് ആയി ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് രമണ ആന്ധ്രാപ്രദേശില്‍ നിന്നും ഈ ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്. അഞ്ച് ദശാബ്‌ദങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ഉന്നത നീതിപീഠത്തിന്‍റെ മുഖ്യ ചുമതല വഹിക്കുന്ന ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്ന പദവിയില്‍ ആദ്യമായി എത്തിച്ചേർന്ന ആന്ധ്രാപ്രദേശുകാരന്‍ ജസ്റ്റിസ് കോക സുബ്ബറാവു ആയിരുന്നു.

2019-ല്‍ തന്‍റെ ഭരണഘടനാദിന പ്രസംഗത്തില്‍ ജസ്റ്റിസ് രമണ ഇങ്ങനെ പറയുകയുണ്ടായി.'ഭരണഘടന അനുശാസിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി നീതിയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുവേണ്ടി നമ്മള്‍ പുതിയ ശൈലിയിലുള്ള ഉപകരണങ്ങള്‍ തയ്യാറാക്കുകയും പുത്തന്‍ രീതികള്‍ സ്വീകരിക്കുകയും പുതിയ തന്ത്രങ്ങള്‍ കണ്ടെത്തുകയും പുതിയ നിയമ തത്വസംഹിത രൂപപ്പെടുത്തി എടുക്കുകയുമൊക്കെ ചെയ്യേണ്ടിയിരിക്കുന്നു'. 16 മാസക്കാലം നീണ്ടുനില്‍ക്കുന്ന ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്ന തന്‍റെ അധികാര കാലത്ത് ജസ്റ്റിസ് രമണ ഈ വാക്കുകള്‍ യുക്തിസഹമാംവിധം പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഒരു വിശ്വാസ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഏതാണ്ട് അഞ്ച് വര്‍ഷം മുന്‍പ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ കാലം കടന്നുപോയതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിന് പകരം കൂടുതല്‍ വഷളാവുകയാണ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ കാലാവധിയില്‍ ഉയര്‍ന്നുവന്ന സുപ്രീം കോടതിയിലേക്കുള്ള അഞ്ച് ഒഴിവുകളും ഇതുവരെ നികത്തപ്പെട്ടിട്ടില്ല. ഈ വര്‍ഷം ആ പട്ടികയിലേക്ക് അഞ്ച് ജസ്റ്റിസുമാരുടെ ഒഴിവുകള്‍ കൂടി കൂട്ടിചേര്‍ക്കപ്പെടും. അതുകൊണ്ടുതന്നെ നിലവിലുള്ള ജസ്റ്റിസുമാര്‍ അനുഭവിച്ചുവരുന്ന കേസുകളുടെ ഭാരം കുറയ്ക്കുകയും അതോടൊപ്പം തന്നെ ഒഴിവുവന്ന പദവികള്‍ നികത്തുകയും ചെയ്യുന്നതിനായി കൊളീജിയത്തില്‍ ഒരു ഏകാഭിപ്രായം സാധ്യമാക്കിയെടുക്കുക എന്ന ദുര്‍ഘടമായ ലക്ഷ്യമാണ് ജസ്റ്റിസ് രമണയ്‌ക്ക് മുന്നിലുള്ളത്.

കൂടുതൽ വായനയ്‌ക്ക്:സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായി എന്‍വി രമണ ചുമതലയേറ്റു

രാജ്യത്തെ കോടതികളിലാകമാനം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 4.4 കോടിയിലേക്ക് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 224 എ വകുപ്പ് പ്രകാരം അഡ്ഹോക്ക് ജഡ്‌ജിമാരുടെ നിയമനങ്ങള്‍ നടത്തുന്നതിനുള്ള മുന്നറിയിപ്പ് സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് നൽകി കഴിഞ്ഞിരിക്കുന്നു. ഈ നിയമനങ്ങളെല്ലാം നടത്തേണ്ടതിന്‍റെ ചുമതലയും ജസ്റ്റിസ് രമണയുടെ കൈകളിൽ നിക്ഷിപ്‌തമായിരിക്കുകയാണ്.

സുപ്രീം കോടതിയിലെ കാര്യങ്ങളെല്ലാം നേരെയാക്കി എടുക്കുന്നതിന്‍റെ ഭാഗമായി നീതിയുടെ രഥത്തെ മുന്നോട്ട് നയിക്കുന്നതിനോടൊപ്പം തന്നെ 'മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍' എന്ന നിലയില്‍ വിജയം വരിക്കാനുള്ള നീക്കങ്ങളും ജസ്റ്റിസ് രമണ നടത്തേണ്ടതുണ്ട്. അറ്റോര്‍ണി ജനറല്‍ എ.കെ. വേണുഗോപാലിന്‍റെ അഭിപ്രായ പ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഒരു ചീഫ് ജസ്റ്റിസിന് ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ കാലാവധിയെങ്കിലും വേണമെന്നാണ്. അതുകൊണ്ട് നിയമനിര്‍മ്മാണ സഭയുടേയും ഭരണ നിര്‍വ്വഹണ വിഭാഗത്തിന്‍റെയും പിന്തുണയോടുകൂടി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഊര്‍ജസ്വലമായ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് നീതി ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളൂ. ഇന്ത്യയുടെ മുന്‍ രാഷ്‌ട്രപതി കൂടിയായ ഭാരതരത്‌നം പ്രണാബ് മുഖര്‍ജി പറഞ്ഞ വാക്കുകള്‍ ഈ അവസരത്തിൽ നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ ചീഫ് ജസ്റ്റിസും നിശ്ചിത കാലാവധിയില്‍ പരസ്‌പരം കൂടിക്കണ്ടാല്‍ തീരാവുന്നതാണ് നിരവധി പ്രശ്‌നങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.

അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഫണ്ടിന്‍റെ വലിയ ദൗര്‍ലഭ്യമാണ് നീതിന്യായ വ്യവസ്ഥ നേരിടുന്നത്. കാരണം നീതിന്യായ വ്യവസ്ഥയുടെ വികസനത്തിന് വേണ്ടിയുള്ള ചെലവിടലെല്ലാം ആസൂത്രണ ഇതര ചെലവിടലായാണ് കണക്കാക്കപ്പെടുന്നത്. ഇതിനുപുറമെ നിയമ വിദ്യാഭ്യാസത്തിന്‍റെ മോശപ്പെട്ട നിലവാരവും വലിയ ഉത്കണ്‌ഠ നല്‍കുന്ന കാര്യമാണെന്ന് ജസ്റ്റിസ് രമണ തന്നെ ഈ അടുത്ത കാലത്ത് ചൂണ്ടികാട്ടുകയുണ്ടായി.

സംസ്ഥാന ജുഡീഷ്യല്‍ അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയുടെ നിലവാരം മെച്ചപ്പെടുത്തിയെടുക്കുന്നതിനുവേണ്ടി ജസ്റ്റിസ് രമണ ഏറെ പ്രയത്‌നിക്കുകയുണ്ടായി. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ വളരെ വ്യാപകമായ രീതിയില്‍ ലോക് അദാലത്തുകള്‍ സംഘടിപ്പിച്ചതിന്‍റെ പേരില്‍ വലിയ അഭിനന്ദനങ്ങള്‍ നേടിയെടുത്തു അദ്ദേഹം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്‍റെ ഉയര്‍ച്ചയെ 'പ്രതീക്ഷയുടെ കിരണം'' എന്നാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ വിശേഷിപ്പിച്ചത്.

കോവിഡിന്‍റെ സമ്മര്‍ദ്ദത്തില്‍ രാജ്യത്തെ ആരോഗ്യ വ്യവസ്ഥ മുഴുവൻ തകര്‍ന്നുവീണിരിക്കുന്ന ഒരു കാലഘട്ടത്തില്‍ സങ്കുചിത രാഷ്‌ട്രീയ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ മറ്റ് സ്ഥാപനങ്ങളും അതേ പാത പിന്‍തുടര്‍ന്ന് വരികയാണ്. ഇത്തരം ഒരു സ്ഥിതിവിശേഷത്തില്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഏക കൈത്താങ്ങ് സുപ്രീം കോടതി മാത്രമായി മാറിയിരിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനായി ജസ്റ്റിസ് രമണയ്‌ക്ക് വളരെ പ്രമുഖമായ പങ്ക് വഹിക്കാനുണ്ട്. തന്‍റെ സ്വതസിദ്ധമായ സത്യസന്ധതയിലൂടെയും ധീരതയിലൂടേയും രാജ്യം എന്നും ഓര്‍ക്കുന്ന തരത്തിലുള്ള പല സവിശേഷമായ ഉത്തരവുകളും പുറപ്പെടുവിച്ചതിലൂടെ രാജ്യത്തിന്‍റെ നീതി വ്യവസ്ഥയില്‍ തന്‍റേതായ സ്ഥാനം പിടിച്ചുപറ്റാന്‍ ജസ്റ്റിസ് കോക സുബ്ബറാവുവിന് കഴിഞ്ഞു. ജസ്റ്റിസ് രമണയുടെ കാലവും അതേ പാത തന്നെ പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.

ABOUT THE AUTHOR

...view details