ന്യൂഡല്‍ഹി:ലൈംഗിക പീഡനത്തിനിരയായ വനിത ജഡ്‌ജി ദയാവധം തേടിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് (Chief Justice DY Chandrachud Seeks Report On UP Judge Sexual Harassment Allegations ). ജോലി സ്ഥലത്ത് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി വനിത ജഡ്‌ജി ഒരു തുറന്ന കത്തെഴുതിയത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തിലാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടതും അലഹബാദ് ഹൈക്കോടതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതും.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി സെക്രട്ടറി ജനറൽ അതുൽ എം കുർഹേക്കർ അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കത്ത് കൈമാറി. വനിത ജഡ്‌ജി ഉന്നയിച്ചിരിക്കുന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജോലി ചെയ്‌തിരുന്ന സമയത്ത് ഒരു ജില്ല ജഡ്‌ജിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വനിത ജഡ്‌ജി ഉന്നയിക്കുന്ന പരാതി. മാലിന്യം പോലെയാണ് അവര്‍ തന്നെ കൈകാര്യം ചെയ്‌തത്. ആര്‍ക്കും ഉപകാരമില്ലാത്ത ഒരു ജീവിയായാണ് ഞാന്‍ പോലും ഇപ്പോള്‍ എന്നെ കാണുന്നത്.