ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്ന കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ച് പി ചിദംബരം. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നിയമം റദ്ദാക്കി സംസ്ഥാനത്തിന്‍റെ പദവി പുന:സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. കശ്‌മീര്‍ വിഷയത്തില്‍ രാഷ്ട്രീയമായ പരിഹാരം തേടുന്നതിന് തുടക്കമിടാനുള്ള ഏക മാർഗമാണിതെന്നും ചിദംബരം പറഞ്ഞു.
'ജമ്മു കശ്‌മീര്‍ റിയൽ എസ്റ്റേറ്റല്ല'
തെറ്റായി വ്യാഖ്യാനിച്ചും ദുരുപയോഗം ചെയ്‌തും ഭരണഘടന പ്രകാരം നിര്‍മിച്ച ഒരു വ്യവസ്ഥ നിയമം വഴി റദ്ദാക്കാന്‍ സാധിക്കില്ല. 'ഇന്‍സ്ട്രുമെന്‍റ് ഓഫ് ആക്‌സഷനില്‍' ഒപ്പ് വച്ച് ഇന്ത്യയില്‍ ലയിച്ച സംസ്ഥാനമാണ് ജമ്മു കശ്‌മീര്‍. ആ പദവി എക്കാലത്തും ജമ്മു കശ്‌മീരിന് ലഭിക്കണം. ജമ്മു കശ്‌മീര്‍ റിയൽ എസ്റ്റേറ്റല്ല. അവിടത്തെ ജനങ്ങളുടെ അവകാശങ്ങളും ആഗ്രഹങ്ങളും മാനിക്കപ്പെടണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Read more: ജമ്മുകശ്മീര്‍ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
ജൂൺ 24 ന് നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ജമ്മു കശ്‌മീരില്‍ നിന്നുള്ള 14 രാഷ്‌ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിന് മുന്നോടിയായാണ് കോണ്‍ഗ്രസ് നേതാവ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെ ചോദ്യം ചെയ്‌ത് കൊണ്ടുള്ള ഹര്‍ജി 2 വർഷമായി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നിലപാട്
ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുന:സ്ഥാപിക്കാൻ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഭരണഘടനയും ജനാധിപത്യവും കണക്കിലെടുത്ത് പ്രധാനമന്ത്രിയും ബിജെപിയും ഈ ആവശ്യം അംഗീകരിക്കണമെന്നും കോൺഗ്രസ് ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു. ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞതും ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കാത്തതും ജനാധിപത്യത്തിനും ഭരണഘടനക്കുമെതിരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. 2019 ഓഗസ്റ്റ് 5 നാണ് കേന്ദ്രസർക്കാർ ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്.