നവി മുംബൈ: കോഴികളെ മോഷ്‌ടിക്കാനെത്തിയ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. പൻവേൽ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവ്കർ ഗ്രാമത്തിലെ വിനയ് പാട്ടീലാണ് (19) കൊല്ലപ്പെട്ടത്. മാർച്ച് 29നായിരുന്നു സംഭവം. മോഷ്‌ടാക്കളെ കണ്ടതിനെത്തുടർന്ന് അവരെ പിന്തുടർന്ന് വിനയ് പാട്ടിലീനെ മൂന്നംഗസംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളെ ശനിയാഴ്‌ച രാത്രി പിടികൂടിയതായി പൊലീസ് അറിയിച്ചു. സംഭവ ദിവസം രാത്രി രണ്ട് മണിയോടെയാണ് മോഷ്‌ടാക്കൾ ശിവ്‌കർ ഗ്രാമത്തിൽ എത്തിയത്. കോഴികളെ തേടി നടക്കുന്നതിനിടെ വിനയ് പാട്ടീലിന്‍റെ വീടിന്‍റെ വാതിൽ പൂട്ടാതെ കിടക്കുന്നത് സംഘത്തിന്‍റെ ശ്രദ്ധയിൽ പെട്ടു.
തുടർന്ന് മോഷ്‌ടാക്കൾ ഇയാളുടെ വീട്ടിൽ കയറുകയായിരുന്നു. സാധനങ്ങൾ തെരയുന്നതിനിടെ വിനയ് ഉണർന്നു. ഇതോടെ മോഷ്‌ടാക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ ഒരു കോടാലിയുമായി ഇയാൾ മോഷ്‌ടാക്കളെ പിന്തുടരാൻ ആരംഭിച്ചു. യുവാവ് പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ട അക്രമിസംഘം ഇയാളെ അക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന കോടാലി പിടിച്ചെടുത്ത് സാരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.
പരിക്കേറ്റ വിനയ് ബോധ രഹിതനായി വീണതോടെ അക്രമി സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പുലർച്ചെ വിനയ്‌യെ മുറിയിൽ കാണാതായതോടെ വീട്ടുകാർ തെരച്ചിൽ ആരംഭിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് ഇയാളെ ബോധരഹിതനായി കണ്ടെത്തുകയുമായിരുന്നു. ഉടൻ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പിന്നാലെ വിനയ്‌യുടെ കുടുംബം പൻവേൽ സിറ്റി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികൾ ബേക്കറി ജീവനക്കാരാണെന്നും ജോലി ചെയ്‌തിരുന്ന ബേക്കറിയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഐപിസി 215, 302 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.