ഹൈദരാബാദ്: ഛത്തീസ്‌ഗഡിലെ നക്‌സൽ ആക്രമണത്തെ തുടർന്ന് തെലങ്കാന പൊലീസിന് ജാഗ്രത നിർദേശം. ഭദ്രദ്രി കോതഗുഡെം, മുളുഗു ജില്ലകളിൽ സുരക്ഷ വർധിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നക്‌സലുകൾ തെലങ്കാനയിലേക്ക് പ്രവേശിക്കുന്നത് തടയാൻ അതിർത്തികളില്‍ പരിശോധനയും തിരച്ചിലും കർശനമാക്കി.
ഛത്തീസ്‌ഗഡ് നക്‌സൽ ആക്രമണം; തെലങ്കാനയിൽ കനത്ത ജാഗ്രത
ഭദ്രദ്രി കോതഗുഡെം, മുളുഗു ജില്ലകളിൽ സുരക്ഷ വർധിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ.
ശനിയാഴ്‌ചയാണ് ബിജാപൂർ ജില്ലയിലെ ടരേം പ്രദേശത്ത് സിആർപിഎഫ്, ജില്ല റിസർവ്വ് ഗാർഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ എറ്റുമുട്ടൽ ഉണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു വെടിവെപ്പ്.
സംഭവത്തിൽ 22 സൈനികർ വീരമൃത്യു വരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി സൈനികരെ കാണാനില്ലെന്നാണ് സൂചന. ഇതിനിടെ ഒരു സിആർപിഎഫ് ജവാനെ നക്‌സലുകൾ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സുരക്ഷാസേന അറിയിച്ചു.