റായ്‌പൂര്‍: പത്ത് ഡിആർജി (ഡിസ്‌ട്രിക്‌റ്റ് റിസർവ് ഗാർഡ്) ജവാൻമാർ കൊല്ലപ്പെട്ട ദന്തേവാഡ സ്‌ഫോടനത്തിൽ പുതിയ കണ്ടെത്തല്‍. റോഡ് തുരന്ന് ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്‌തുക്കള്‍ സ്ഥാപിച്ചാണ് മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തിയത് എന്നാണ് ബസ്‌തര്‍ പൊലീസ് നല്‍കുന്ന വിവരം. മാസങ്ങള്‍ക്ക് മുമ്പ് 'ഫോക്‌സ്‌ഹോൾ മെക്കാനിസം' (തുരങ്കം കുഴിക്കുന്ന രീതി) ഉപയോഗിച്ച് കുഴിച്ച തുരങ്കത്തിലാണ് മാവോയിസ്റ്റുകള്‍ സ്‌ഫോടക വസ്‌തുക്കള്‍ ഘടിപ്പിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് റോഡില്‍ തുരങ്കം ഉണ്ടാക്കി സ്‌ഫോടക വസ്‌തു സ്ഥാപിക്കുകയും അതുമായി ബന്ധിപ്പിച്ച വയർ നിലത്തു നിന്ന് 2-3 ഇഞ്ച് അടി താഴ്‌ചയില്‍ ഒളിപ്പിച്ചിരിക്കുകയുമാണ് ചെയ്‌തിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ നക്‌സൽ കേഡർമാർക്കെതിരെ ബസ്‌തർ പൊലീസ് കേസെടുത്തിട്ടുണ്ട്.