കവർധ: ഛത്തീസ്‌ഗഡിലെ കവർധയിൽ ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ചു. ഏപ്രില്‍ രണ്ടിന് കവർധ ജില്ലയിലെ രെംഗഖർ പ്രദേശത്തിന് സമീപത്തെ ചമാരി ഗ്രാമത്തിലാണ് സംഭവം. ഹേമേന്ദ്ര മെരാവി എന്നാണ് മരിച്ച നവവരന്‍റെ പേര്. ബന്ധുവിന്‍റെ പേര് ലഭ്യമല്ല. സംഭവത്തില്‍ ആറ് പേർക്ക് പരിക്കേറ്റു.
ALSO READ|കാഞ്ചീപുരം പടക്ക നിർമ്മാണ ശാലയിലെ സ്‌ഫോടനം : മരണസംഖ്യ ഒൻപതായി, നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ
അപകടം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഹേമേന്ദ്ര വിവാഹിതനായതെന്നാണ് വിവരം. വിവാഹ സമ്മാനമായി ഇയാള്‍ക്ക് ലഭിച്ചതാണ് പൊട്ടിത്തെറിച്ച ഹോം തിയേറ്റർ. ലഭിച്ച സമ്മാനത്തിന്‍റെ പെട്ടി തുറന്ന് പ്ലഗിൽ ഘടിപ്പിച്ച ഉടനെ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹേമേന്ദ്ര സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്.
പരിക്കേറ്റവർ ജില്ല ആശുപത്രിയില്‍:വിവരമറിഞ്ഞ ഉടൻ പൊലീസ് സംഭവ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. 'റെങ്കാഖർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചമാരി ഗ്രാമത്തിൽ ഹോം തിയേറ്റര്‍ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്‌ഫോടന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല' - അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് (എഎസ്‌പി) മനീഷ താക്കൂർ റൗട്ടെ മാധ്യമങ്ങളോട് പറഞ്ഞു.
ലാബില്‍ സ്‌ഫോടനം, അധ്യാപകനും വിദ്യാര്‍ഥികള്‍ക്കും പരിക്ക്: ന്യൂഡൽഹിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ലബോറട്ടറിയില്‍ നടന്ന പരീക്ഷണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് അധ്യാപകനും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റത്. രണ്ട് വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് അപകടത്തില്‍ പരിക്ക്. അധ്യാപകനെ എയിംസ് ട്രോമ സെന്‍ററിലാണ് ചികിത്സിച്ചത്.
വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ല. ഇക്കാരണത്താല്‍, പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇവരെ വീട്ടിലേക്ക് അയക്കുകയാണുണ്ടായത്. ഓർഗാനിക് കെമിസ്ട്രി വിഷയവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണമാണ് ലാബില്‍ നടന്നത്. അധ്യാപകന്‍ പരീക്ഷണം നടത്തി കുട്ടികള്‍ക്ക് വിവരിച്ച് നല്‍കുമ്പോഴാണ് പൊട്ടിത്തെറിച്ചത്.
യുപിയില്‍ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് മരണം:ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് യുപിയില്‍ ശക്തമായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നുവീണ് നാലുപേരാണ് മരിച്ചത്. ബുലന്ദ്ഷഹർ നഗരത്തിൽ 31ാം തിയതി ഉച്ചയോടെയാണ് അപകടം. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. മരിച്ചവര്‍ കെട്ടിടത്തിന്‍റെ തകര്‍ന്ന ഭാഗങ്ങള്‍ക്കിടയില്‍ അകപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സ്‌ഫോടനത്തിന്‍റെ ശബ്‌ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ|ശക്തമായ സ്‌ഫോടനത്തില്‍ നാല് മരണം ; വീട് തകര്‍ന്നു, മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍
അപകട സ്ഥലത്ത് നിന്നുയര്‍ന്ന കനത്ത പുക കണ്ടാണ് ആളുകള്‍ ഓടിയെത്തിയത്. ജനവാസ മേഖലയില്‍ നിന്ന് മാറി പാടത്തിന്‍റെ നടുവിലായാണ് ഈ വീട് സ്ഥിതി ചെയ്‌തിരുന്നത്. ഈ വീട്ടില്‍ സ്‌ഫോടനമുണ്ടായത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്‌ഫോടന വിവരമറിഞ്ഞ ഉടനെ പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും സ്ഥലത്തെത്തിയിരുന്നു.