റായ്‌പൂർ : ദത്തെടുക്കൽ പ്രക്രിയയുടെ സങ്കീർണതകള്‍ നീക്കാന്‍ നിയമ ഭേദഗതി വരുത്തി ഛത്തീസ്‌ഗഡ് സർക്കാർ. സെൻട്രൽ അഡോപ്‌ഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് നിലവിലുള്ള നിയമത്തിൽ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ദമ്പതികൾക്ക് ഒരു കുട്ടിയെ ദത്തെടുക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുന്ന പ്രക്രിയകള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.
കോടതിയുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കാണ് ഏറ്റവും കൂടുതൽ സമയം ആവശ്യമായി വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഭേദഗതി പ്രകാരം കുട്ടികളെ ദത്തെടുക്കാൻ താൽപര്യമുള്ള ദമ്പതികൾ ജില്ല കലക്‌ടർക്ക് അപേക്ഷ നൽകണം. അദ്ദേഹത്തിന്‍റെ അനുമതി ലഭിച്ച ശേഷം ദമ്പതികൾക്ക് നടപടികളുമായി മുന്നോട്ടുപോകാം.
ദത്തെടുക്കാൻ ആവശ്യമായ രേഖകൾ : നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവാഹ, ജനന സർട്ടിഫിക്കറ്റുകള്‍, ദത്തെടുക്കുന്ന മാതാപിതാക്കളുടെ ഫോട്ടോകൾ, അവരുടെ മെഡിക്കൽ രേഖകള്‍ തുടങ്ങിയവ ആവശ്യമാണ്. ആധാർ കാർഡ്, വോട്ടർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, ഇലക്‌ട്രിസിറ്റി ബിൽ, സാലറി സ്ലിപ്പ്, ആദായ സർട്ടിഫിക്കറ്റ്, ആദായ നികുതി റിട്ടേൺ രേഖ എന്നിവ തിരിച്ചറിയൽ രേഖയായി ഹാജരാക്കുകയും ചെയ്യാം.