റായ്‌പൂര്‍ :ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിലെ 20 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പില്‍ 10 എണ്ണത്തില്‍ വോട്ടിങ് പൂര്‍ത്തിയായി. മൊഹ്‌ല മാൻപൂർ, അന്തഗഡ്, ഭാനുപ്രതാപൂർ, കാങ്കർ, കേശ്‌കൽ, കൊണ്ടഗാവ്, നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കോണ്ട തുടങ്ങിയ സീറ്റുകളിലെ പോളിങ്ങാണ് പൂര്‍ത്തിയായത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അവസാനിക്കുകയായിരുന്നു.
ബാക്കിയുള്ള 10 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പണ്ടാരിയ, കവർധ, ഖൈരഗഡ്, ഡോംഗർഗഡ്, രാജ്നന്ദ്ഗാവ്, ഡോംഗർഗാവ്, ഖുജ്ജി, ബസ്തർ, ജഗദൽപൂർ, ചിത്രകോട്ട് തുടങ്ങിയ ഈ മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
പോളിങ് ഇങ്ങനെ :തെരഞ്ഞെടുപ്പ് നടക്കുന്ന 20 സീറ്റുകളില്‍ ഉച്ചയ്ക്ക് ഒരു മണി വരെ 44.55 ശതമാനം പോളിങ്ങാണ് നടന്നിട്ടുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 223 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മാത്രമല്ല ആദ്യഘട്ട തെരഞ്ഞെടുപ്പിനായി 5304 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുണ്ടായിരുന്നത്.
ഉച്ചയ്ക്ക് മൂന്ന് മണിവരെ ഈ ബൂത്തുകളില്‍ 4078681 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 1993937 പുരുഷന്മാരും 2084675 സ്ത്രീകളുമാണുള്ളത്. മാത്രമല്ല 69 ട്രാൻസ്‌ജൻഡേഴ്‌സും ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതേസമയം 20 സീറ്റുകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിനായി 25249 പോളിങ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. കൂടാതെ 2431 ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.