റായ്‌പൂര്‍: ബീരാന്‍പൂര്‍ സംഭവത്തെ ബിജെപി രാഷ്‌ട്രീയവത്‌കരിക്കുകയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ബിജെപി നേതാക്കളുടെ പെണ്‍മക്കള്‍ മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ചാല്‍ അത് ലവ് ജിഹാദ് അല്ലെയോയെന്നും മറ്റാരെങ്കിലും അത്തരത്തില്‍ വിവാഹിതരായാല്‍ അതിനെ ലവ് ജിഹാദായി മുദ്രകുത്തപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബിലാസ്‌പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ബെമെതാരയില്‍ കഴിഞ്ഞ ദിവസമുണ്ടായ വര്‍ഗീയ കലാപത്തില്‍ ബിജെപി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് കുട്ടികള്‍ക്കിടയിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും അത് കാരണം ഒരാളുടെ ജീവന്‍ അപഹരിക്കപ്പെട്ട സംഭവമുണ്ടായതും സങ്കടകരമായ ഒന്നാണെന്നും ബാഗേല്‍ പറഞ്ഞു.
ബിലാസ്‌പൂരിലുണ്ടായ സംഭവം ന്യായീകരിക്കാനാകാത്തതാണ്. മാത്രമല്ല ബിജെപി ശ്രമിക്കുന്നത് അതില്‍ രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ്. ബന്ദിന് ആഹ്വാനം ചെയ്യുന്നതിന് മുമ്പ് വിഷയത്തെ കുറിച്ച് ബിജെപി പരിശോധന നടത്തുകയോ അതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുകയോ ചെയ്‌തിട്ടില്ല.
മുതിര്‍ന്ന ബിജെപി നേതാക്കളുടെ മക്കള്‍ മുസ്‌ലിം യുവാക്കളെ വിവാഹം ചെയ്‌തവരാണ്. അതൊന്നും ലവ് ജിഹാദിന്‍റെ ഗണത്തില്‍ പെടില്ലെയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ ബിജെപിയുടെ മുന്‍നിര നേതാവിന്‍റെ മകള്‍ എവിടെപ്പോയി. അതെന്താ ലവ് ജിഹാദല്ലെ? അവരുടെ മക്കള്‍ ചെയ്‌താല്‍ അത് പ്രണയവും മറ്റാരെങ്കിലും ചെയ്‌താല്‍ അത് ലവ് ജിഹാദുമാണെന്നും ഭൂപേഷ് ബാഗേല്‍ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ തടയാന്‍ ബിജെപി എന്താണ് ചെയ്‌തത്? രാഷ്‌ട്രീയ നേട്ടം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം.
ബിലാസ്‌പൂര്‍ വര്‍ഗീയ കലാപം: ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് രണ്ട് സ്‌കൂള്‍ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വര്‍ഗീയ കലാപമായി ഉടലെടുത്തത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പ്രദേശവാസിയായ ഭുനേശ്വര്‍ സാഹുവാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപത്തിന് മൂന്ന് ദിവസത്തിന് ശേഷം ബിലാസ്‌പൂര്‍ ഗ്രാമത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്ക് അപ്പുറം ബിരാന്‍പൂര്‍ സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്‌തു. റഹീം മുഹമ്മദ് മകന്‍ ഇദുല്‍ മുഹമ്മദ് എന്നിവരെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മരിച്ചതായി കണ്ടെത്തിയത്.