ജാഞ്ച്ഗീർ ചാമ്പ (ഛത്തീസ്‌ഗഡ്) : ഛത്തീസ്‌ഗഡില്‍ കുഴൽക്കിണറിൽ വീണ 12കാരനെ 100 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ രക്ഷിച്ചു. ജാഞ്ച്ഗീർ ചാമ്പ ജില്ലയിലെ പിഹ്‌റിദ് സ്വദേശി രാഹുല്‍ സാഹുവിനെയാണ് ചൊവ്വാഴ്‌ച രാത്രി സുരക്ഷിതമായി പുറത്തെത്തിച്ചത്. രാഹുലിനെ ബിലാസ്‌പുരിലുള്ള അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രാഹുലിന്‍റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നും വിദഗ്‌ധ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് കുട്ടിയെന്നും ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ അറിയിച്ചു. 'കുറച്ച് മുമ്പ് ആംബുലൻസില്‍ അവനെ (രാഹുലിനെ) അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടർമാർ അടങ്ങിയ സംഘത്തിന്‍റെ മേൽനോട്ടത്തില്‍ ഐസിയുവിലാണ് രാഹുല്‍ ഇപ്പോഴുള്ളത്,' ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്‌തു.
രക്ഷാപ്രവര്‍ത്തനം വെല്ലുവിളികളെ അതിജീവിച്ച് : 'വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. ഭരണതലത്തിൽ നിന്ന് ഞങ്ങൾക്ക് എല്ലാവിധ സഹായവും ലഭിച്ചു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു' - ജാഞ്ച്ഗീർ കലക്‌ടർ ജിതേന്ദ്ര ശുക്ല പറഞ്ഞു.