നാരായൺപൂർ : ഛത്തീസ്‌ഗഡിൽ നക്‌സലേറ്റുകൾ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. നാരായൺപൂർ ജില്ല വൈസ് പ്രസിഡന്‍റ് സാഗർ സാഹുവാണ് കൊല്ലപ്പെട്ടത്. വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ ലോക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച് ബിജെപി നേതാവിന്‍റെ ഛോട്ടേ ഡോംഗർ ഗ്രാമത്തിലെ വീട്ടിൽ ഇന്നലെ രാത്രി 8 മണിയോടെ ബൈക്കിലെത്തിയ രണ്ട് നക്‌സലേറ്റുകൾ അതിക്രമിച്ച് കയറുകയും കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു. എ കെ 47 ഉപയോഗിച്ച് വെടിയുതിർത്തുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് ശേഷം അക്രമികൾ അവിടെ നിന്നും രക്ഷപ്പെട്ടു.
വെടിവയ്‌പ്പിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സാഹുവിനെ ഛോട്ടേ ഡോംഗർ ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി നാരായൺപൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പൊലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം അകലെയാണ് കൊല്ലപ്പെട്ട നേതാവിന്‍റെ വീട്. പൊലീസ് സ്റ്റേഷന് സമീപത്ത് തന്നെ ഇത്തരത്തിൽ ഒരു ആക്രമണം നടന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. മാത്രമല്ല, പ്രദേശത്ത് ഏറെ ജനപ്രീതിയുള്ള നേതാവായിരുന്നു സാഗർ സാഹു. 25 വർഷമായി അദ്ദേഹം ബിജെപിയുടെ ഭാഗമാണ്.
ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി ഏഴിന് ബിജാപൂരിൽ നടന്ന സമാനമായ സംഭവത്തിൽ ബിജെപിയുടെ ഉസൂർ മണ്ഡല്‍ പ്രസിഡന്‍റ് നീലകണ്‌ഠ് കകേം (40) കൊല്ലപ്പെട്ടിരുന്നു.