റായ്‌പൂര്‍ (ഛത്തീസ്‌ഗഡ്): പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അതിജീവിച്ച് ഭൂപേഷ് ബാഗല്‍. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷമായ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭൂപേഷ് സര്‍ക്കാര്‍ അനായാസം മറികടന്നത്. 13 മണിക്കൂര്‍ നീണ്ട സഭ ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ ഒരു മണിക്ക് ശേഷം പ്രതിപക്ഷം ഉയര്‍ത്തിയ അവിശ്വാസ പ്രമേയമാണ് ശബ്‌ദവോട്ടിലൂടെ പരാജയപ്പെട്ടത്.
സഭ പ്രക്ഷുബ്‌ധം: വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം ആരംഭിച്ച സഭ നടപടികള്‍ക്കിടെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ചത്. ഭൂപേഷ് ബാഗല്‍ സര്‍ക്കാരിനെതിരെ 109 കാര്യങ്ങളുയര്‍ത്തിയുള്ള കുറ്റപത്രം സമര്‍പ്പിച്ചായിരുന്നു ബിജെപി പ്രതിഷേധം. ഭൂപേഷ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്നും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നും എണ്ണിപ്പറഞ്ഞായിരുന്നു ഈ 109 പോയിന്‍റുകള്‍ ഉള്‍പ്പെട്ട കുറ്റപത്രം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. നിയമത്തെ താറടിച്ചുകാണിക്കുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
അവിശ്വാസം മറികടന്ന്:എന്നാല്‍ വസ്‌തുതകളൊന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന കുറ്റപത്രത്തില്‍ സര്‍ക്കാരിനെതിരെ ഒന്നുമില്ലെന്നും, പകരം സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ സഭയിലെത്തിക്കാന്‍ ബിജെപി അവസരമൊരുക്കിയെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗലും പരിഹസിച്ചു. പ്രതിബന്ധങ്ങള്‍ക്കിടയിലും എല്ലാവരുടെയും സഹകരണത്തോടെ സര്‍ക്കാര്‍ മുമ്പ് പറഞ്ഞ എല്ലാ വാഗ്‌ദാനങ്ങളും പാലിച്ചതായും അദ്ദേഹം വ്യക്തമാക്കി.