ഛത്തീസ്‌ഗഡ്/മിസോറാം: ഛത്തീസ്‌ഗഡ്, മിസോറാം (Chhattisgarh and Mizoram) നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു (First phase assembly election). ഡിസംബർ 3 നാണ് വോട്ടെണ്ണൽ.
40 അംഗ മിസോറാം നിയമസഭയിലേക്കുള്ള ഒറ്റഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു (Mizoram first phase assembly election). വൈകിട്ട് 4 മണി വരെയാണ് പോളിങ്. 4.39 ലക്ഷം സ്ത്രീകൾ ഉൾപ്പടെ 8.57 ലക്ഷം വോട്ടർമാരാണുള്ളത്. 174 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഉദ്യോഗസ്ഥർ ഒരുക്കിയിരിക്കുന്നത്.
ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), പ്രധാന പ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്‌മെന്‍റ് (സെഡ്‌പിഎം), കോൺഗ്രസ് എന്നിവ എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബിജെപി 23 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്, ആം ആദ്‌മി പാർട്ടി (എഎപി) നാല് നിയമസഭ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കൂടാതെ, 27 സ്വതന്ത്ര സ്ഥാനാർത്ഥികളുണ്ട്.
മിസോറാമില്‍ 1,276 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം 7,200 ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി മ്യാൻമറുമായുള്ള 510 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയും ബംഗ്ലാദേശുമായുള്ള 318 കിലോമീറ്റർ അതിർത്തിയും അടച്ചു.