കേരളം

kerala

ETV Bharat / bharat

ചിറയ്ക്കല്‍ സദാചാരക്കൊലയില്‍ നാല് പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

ഉത്തരാഖണ്ഡ് പൊലീസിന്‍റെ സഹായത്തോടെ ചമോലി ജില്ലയിലെ ഗോപേശ്വറില്‍ നിന്നാണ് ഇവര്‍ പിടിയിലായത്

Cherpu murder case  ചിറയ്ക്കല്‍ സദാചാരക്കൊല  ഉത്തരാഖണ്ഡ്  ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊല  Cherpu murder case arrests  crime news
ചിറയ്ക്കല്‍ സദാചാരക്കൊല

By

Published : Mar 17, 2023, 8:18 PM IST

തൃശൂര്‍:ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ നാല് പേര്‍ പിടിയില്‍. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം എഴ് ആയി.

അതേസമയം കേസിലെ ആറ് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത്, വിഷ്‌ണു, ഡിനോൺ, രാഹുൽ, അഭിലാഷ് , മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട്‌ നോട്ടിസ് ഇറക്കിയിരുന്നു.

വനിത സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരികാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ ഈ മാസം ഏഴിനാണ് സഹര്‍ മരിച്ചത്.

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ, നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇപ്പോള്‍ പിടിയിലായ നാല് പേരെ നാളെ വെെകിട്ടോടെ തൃശൂരിലെത്തിക്കും.

പ്രതികള്‍ അറസ്റ്റിലായത് ഉത്തരാഖണ്ഡ്-കേരള പൊലീസ് സംയുക്ത ഓപ്പറേഷനില്‍: ഉത്തരാഖണ്ഡ് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗോപേശ്വറില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കൊലപാതകത്തിലെ പ്രതികള്‍ ഉത്തരാഖണ്ഡിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേരള പൊലീസ് ഉത്തരാഖണ്ഡ് പൊലീസിന്‍റെ സഹായം തേടിയത്.

തുടര്‍ന്ന് ഉത്തരാഖണ്ഡ് പൊലീസ് കേരളത്തില്‍ നിന്ന് ഈ അടുത്ത് ഉത്തരാഖണ്ഡിലേക്ക് വന്നവരുടെയും പോയവരുടെയുമൊക്കെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഹോട്ടലുകളിലെയും മറ്റും രേഖകളും ഇതിനായി ഉത്തരാഖണ്ഡ് പൊലീസ് പരിശോധിച്ചെന്ന് എസ്‌എസ്‌പി ആയുഷ്‌ അഗര്‍വാള്‍ പറഞ്ഞു.

ഈ അന്വേഷണത്തില്‍ കൊലപാതക പ്രതികള്‍ ചമോലി ജില്ലയിലെ ഗോപേശ്വറില്‍ എത്തിയെന്നുള്ള വിവരം ഉത്തരാഖണ്ഡ് പൊലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡ് പൊലീസിലെയും കേരള പൊലീസിലെയും അംഗങ്ങള്‍ അടങ്ങുന്ന സംഘം ഗോപേശ്വറില്‍ പ്രതികളെ പിടികൂടാനായി പോകുകയായിരുന്നു. ഗോപേശ്വര്‍ ബസ്‌ സ്റ്റാന്‍ഡിനടുത്തു നിന്നാണ് അമീറിനെയും, അരുണിനെയും, സുഹയിലിനെയും, നിരഞ്ജനെയും പൊലീസ് പിടികൂടുന്നത്. ഇവരെ ട്രാന്‍സിറ്റ് റിമാന്‍ഡ് വഴിയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.

ABOUT THE AUTHOR

...view details