ചെന്നൈ: ജമ്മു കശ്‌മീർ മൃഗശാലയിൽ നിന്നുള്ള ഹിമാലയൻ കറുത്ത കരടി ജോഡിയെ ചെന്നൈയിലെ വണ്ടലൂർ മൃഗശാല വരവേറ്റു (Himalayan black bears brought from Jammu and Kashmir to Vandalur Zoo in Chennai). വന്യജീവി കൈമാറ്റത്തിന്‍റെ ഭാഗമായി ഒരു ജോഡി ഹിമാലയൻ കറുത്ത കരടികളെ വെള്ളിയാഴ്‌ച ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കരടി ജോഡികളെ എത്തിച്ച വണ്ടല്ലൂർ മൃഗശാല ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മൃഗശാലയാണ് (India's largest and oldest zoo). ഇത് അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക് (AAZP) എന്നും അറിയപ്പെടുന്നു. കൈമാറ്റത്തിന്‍റെ ഭാഗമായി ജമ്മു കശ്‌മീരിലെ ജമ്മു ജില്ലയിലെ ജംബു മൃഗശാലയ്ക്ക് ഒരു ജോഡി റോയൽ ബംഗാൾ കടുവകളെ സമ്മാനിക്കാൻ വണ്ടല്ലൂർ മൃഗശാല ഒരുങ്ങുന്നു. ആദ്യമായി കടുവകളെ പാർപ്പിക്കാൻ പോകുന്ന ജംബു മൃഗശാലക്ക് ഇത് പുതിയ അനുഭവമാവും.
ജമ്മു കശ്‌മീരിൽ നിന്നുള്ള ഹിമാലയൻ കറുത്ത കരടികൾ ജമ്മു താവിക്കും എംജിആർ ചെന്നൈ സെൻട്രലിനും ഇടയിൽ ആൻഡമാൻ എക്‌സ്പ്രസിൽ ഘടിപ്പിച്ച പ്രത്യേക കോച്ച് വഴിയാണ് ചെന്നൈയിലെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നവംബർ 15 ന് കടുവകളെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിനുള്ളിലേക്ക് കടത്തിവിടുമെന്നാണ് വിവരം.
ജംബു മൃഗശാലയിൽ ആദ്യമായി കടുവകളെ പാർപ്പിക്കുന്നതിന് ഈ വന്യജീവി കൈമാറ്റം സാക്ഷ്യം വഹിക്കും. കൂടാതെ ജംബു മൃഗശാല നടത്തിപ്പുകാർക്ക് കടുവകളെ പരിചരിച്ച് മുൻപരിചയമില്ലാത്തതിനാൽ വണ്ടല്ലൂർ മൃഗശാലയിലെ ജീവനക്കാർ നടത്തുന്ന ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിലൂടെ കടുവ പരിപാലനത്തെ കുറിച്ച് അവബോധരാക്കും.