ചെന്നൈ: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ സർവീസിനു മുൻപായി മൈസൂരുവിലേക്ക് ട്രയൽ റൺ നടത്തി. ചെന്നൈ–ബെംഗളൂരു–മൈസൂരു വന്ദേഭാരത് ട്രെയിൻ ഈ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) ട്രെയിൻ പുറത്തിറക്കിയത്.
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ നവംബർ 11 മുതല്‍ രാവിലെ 5.50നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 10.25നു ബെംഗളൂരുവിലും 12.30നു മൈസൂരുവിലും എത്തിച്ചേരും. മടക്ക സർവീസ് മൈസൂരുവിൽ നിന്ന് 1.05ന് പുറപ്പെടും. ബെംഗളൂരുവിൽ 2.25നും ചെന്നൈയിൽ 7.35നും എത്തിച്ചേരും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
രാജ്യത്തെ 5-ാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ 2019 ഫെബ്രുവരി 15 ന് ന്യൂഡൽഹി-കാൻപൂർ-അലഹബാദ്-വാരണാസി റൂട്ടിൽ ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവത്തിന്‍റെ 75 ആഴ്‌ചകളിൽ 75 വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്‍റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കുമെന്ന് 2021 ഓഗസ്റ്റ് 15ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ഗുണങ്ങൾ:വേഗത, സുരക്ഷ, സേവനം എന്നിവയാണ് ട്രെയിനിന്‍റെ പ്രത്യേകതകൾ. വന്ദേ ഭാരത് എക്‌സ്പ്രസിന് മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 16 കോച്ചുകളുള്ള ട്രെയിനിൽ ഓട്ടമാറ്റിക് വാതിലുകൾ, ജിപിഎസ് അടിസ്ഥാനപ്പെടുത്തിയുള്ള വിവര സംവിധാനം, ആധുനിക സീറ്റുകൾ, ശുചിമുറികൾ തുടങ്ങി ഒട്ടേറെ നവീന സൗകര്യങ്ങൾ ഉണ്ടാകും.
നിലവിലെ യാത്ര സമയത്തിന്‍റെ 25ശതമാനം മുതൽ 45 ശതമാനം വരെ കുറയ്‌ക്കാൻ കഴിയും. വിനോദ ആവശ്യങ്ങൾക്കുള്ള ഓൺബോർഡ് ഹോട്ട്‌സ്‌പോട്ട് വൈഫൈ, വളരെ സുഖപ്രദമായ ഇരിപ്പിടം തുടങ്ങിയവ മറ്റ് പ്രത്യേകതകളാണ്. ടച്ച് ഫ്രീ സൗകര്യങ്ങളോടുകൂടിയ ബയോ-വാക്വം ടോയ്‌ലറ്റ്, ഡ്യുവൽ മോഡ് ലൈറ്റിംഗ് എന്നിവയും ഉൾപ്പെടുന്നു.
ചൂടും ശബ്‌ദവും വളരെ താഴ്‌ന്ന നിലയിലേക്ക് നിലനിർത്തുന്നു. ഓരോ വന്ദേ ഭാരത് എക്‌സ്‌പ്രസിനും മൊത്തം 1,128 യാത്രക്കാരുടെ സീറ്റിംഗ് കപ്പാസിറ്റി ഉണ്ട്. കോച്ചിന് പുറത്ത് റിയർവ്യൂ കാമറകൾ ഉൾപ്പെടെ നാല് പ്ലാറ്റ്‌ഫോം സൈഡ് കാമറകൾ ഉണ്ടാകും. മികച്ച അഗ്നിസുരക്ഷ നടപടികളും വൈദ്യുതി തകരാർ ഉണ്ടായാൽ ട്രെയിനിന്‍റെ എല്ലാ കോച്ചുകളിലും നാല് എമർജൻസി ലൈറ്റുകളും ഉണ്ടായിരിക്കും.
Also read: ഇനി ഇഴയില്ല, 'പറക്കും'; വന്ദേ ഭാരത് എക്‌സ്‌പ്രസ് പുത്തന്‍ പതിപ്പിനുള്ള കോച്ചുകള്‍ മറാത്ത്‌വാഡയില്‍ ഒരുക്കുമെന്ന് റെയില്‍വേ മന്ത്രി