ചെന്നൈ :തമിഴ്‌നാട്ടില്‍ അടുത്തിടെ ഉണ്ടായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin Criticized Central Government). ഒന്‍പത് വര്‍ഷമായുള്ള എന്‍ഡിഎ ഭരണം ദേശീയ ദുരന്തമാണെന്നും അതുകൊണ്ടാണ് തമിഴ്‌നാട്ടിലെ പ്രളയത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
'കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലത്തെ എന്‍ഡിഎയുടെ ഭരണം, അതൊരു ദേശീയ ദുരന്തമാണ്. അതുകൊണ്ടായിരിക്കാം തമിഴ്‌നാട്ടില്‍ ഉണ്ടായ ഈ ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. തമിഴ്‌നാടിനോട് കേന്ദ്രം കാണിക്കുന്ന ഈ സമീപനം ജനങ്ങള്‍ അറിയണം' - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാടിന് ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഉദയനിധിയുടെ പരാമര്‍ശം. പ്രളയക്കെടുതി നേരിടുന്ന തമിഴ്‌നാട് നേരത്തേ കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം എടിഎം അല്ലെന്നായിരുന്നു തമിഴ്‌നാടിന്‍റെ ആവശ്യം തള്ളിക്കൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.
ഇതിന് പിന്നാലെ, തങ്ങള്‍ ചോദിച്ചത് തമിഴ്‌നാട്ടിലെ ജനങ്ങള്‍ അടയ്‌ക്കുന്ന നികുതിയുടെ ഒരു വിഹിതം മാത്രമാണെന്നും അല്ലാതെ, ആരുടെയും അച്ഛന്‍റെ സ്വത്തല്ല എന്നുമുള്ള വിവാദ പരാമര്‍ശം ഉദയനിധി സ്റ്റാലിൻ നടത്തി. ഉദയനിധിയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി നിര്‍മല സീതാരാമന്‍ തന്നെ രംഗത്തെത്തിയിരുന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.