ചെന്നൈ: ചെന്നൈയില്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്ത്. യുവാവിനെ പൊലീസ് പിന്തുടരുന്നതിന്‍റേയും പിടികൂടുന്നതിന്‍റെയും സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ഏപ്രില്‍ 19നാണ് തിരുവള്ളിക്കേനി സ്വദേശി വിഘ്‌നേഷിനെ സെക്രട്ടേറിയറ്റ് കോളനി പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഘ്‌നേഷും സുഹൃത്ത് സുരേഷും ബഹളമുണ്ടാക്കിയെന്നും വിഘ്‌നേഷിന്‍റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചുവെന്നും ആരോപിച്ചാണ് ഏപ്രില്‍ 18ന് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്‌തത്. ഏപ്രില്‍ 19ന് പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ വിഘ്‌നേഷിന് അപസ്‌മാരുണ്ടായെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
എന്നാല്‍, കസ്റ്റഡിയിലിരിക്കെ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് വിഘ്നേഷ് കൊല്ലപ്പെട്ടതെന്നാണ് വിഘ്‌നേഷിന്‍റെ കുടുംബം ആരോപിക്കുന്നത്. പൊലീസ് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നും വിഘ്‌നേഷിന്‍റെ സഹോദരന്‍ വിനോദ് ആരോപിച്ചിട്ടുണ്ട്. സംശയാസ്‌പദമായ മരണമെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.