ചെന്നൈ: കൊവിഡ് പോസിറ്റീവ് രോഗികൾ ഹോം ഐസോലേഷൻ പ്രോട്ടോക്കോൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ 2000 രൂപ പിഴ ചുമത്തുമെന്ന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ. ഇതേ പ്രവണത ആവർത്തിക്കുകയാണെങ്കിൽ ഇവരെ കൊവിഡ് കെയർ സെന്‍ററുകളിലേക്ക് കൊണ്ടുപോകുമെന്നും കോർപ്പറേഷൻ അറിയിച്ചു.
പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ നേരിടുന്നതിന്‍റെ ഭാഗമായി മെയ് 14ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിലെ കൊവിഡ് ഏകീകൃത കമാൻഡ് സെന്‍റർ പരിശോധിച്ചിരുന്നു. കൂടാതെ 104 ഹെൽപ്പ്‌ലൈൻ നമ്പറിൽ വന്ന ഫോൺകോൾ സ്വീകരിച്ച അദ്ദേഹം വിളിച്ച വ്യക്തിയുടെ ആവശ്യപ്രകാരം ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കിടക്ക കണ്ടെത്തി നൽകാനും സഹായിച്ചു. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ചുമതലകൾ നിർവഹിക്കുന്നതിനിടയിൽ രോഗം ബാധിച്ച് മരിച്ച 43 മുൻനിര ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതോടൊപ്പം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്ക് ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.