ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ഭീതിയൊഴിഞ്ഞതോടെ ചെന്നൈ വിമാനത്താവളം രാവിലെ ഒന്‍പത് മണി മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. നഗരത്തില്‍ മഴ കുറഞ്ഞതോടെ ചെന്നൈ വിമാനത്താവള റണ്‍വേയിലെ വെള്ളം ഇറങ്ങിത്തുടങ്ങി. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് ആദ്യ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ ഇവര്‍ക്ക് മതിയായ ഭക്ഷണം കരുതിയിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 21 വിമാനങ്ങളാണ് ഇവിടെ നിന്ന് പുറപ്പെടാനാകാതെ കുടുങ്ങിയിട്ടുള്ളത്. 1500 യാത്രക്കാരും ടെര്‍മിനലിലിലുണ്ട്.
മഴയൊഴിയുന്നു, ദുരിതമേറുന്നു: കനത്ത മഴ ശമിച്ചെങ്കിലും ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ടും ദുരിതവും വർധിക്കുകയാണ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അണക്കെട്ടുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം പൂർണമായി ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള ഏഴ് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൊല്ലം -സെക്കന്തരാബാദ് സ്പെഷ്യല്‍, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്‌പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ -ഗുരുവായൂര്‍ എക്സ്‌പ്രസ്, ഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
കരതൊടാൻ ആന്ധ്രയിലേക്ക്:മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലി പട്ടണത്തിനും ഇടയില്‍ ബപട്‌ലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെ കരതൊടുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി വെള്ളപ്പൊക്ക ദുരിതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്ത് നിര്‍ത്തണം. ആവശ്യമെങ്കില്‍ കേരളം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
read more: ഇടിമിന്നല്‍, കനത്ത മഴ, അഞ്ച് മരണം, തമിഴ്‌നാട്ടിലെ പത്ത് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം