ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ട നമീബിയൻ ചീറ്റകളുടെ പേരുകൾ പുനർനാമകരണം ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് ചീറ്റകളുടെ പേരുകൾ പുനർനാമകരണം ചെയ്‌തത്. 2022 സെപ്‌റ്റംബർ 25ന് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ചീറ്റകളുടെ പുനർനാമകരണത്തിനായുള്ള നിർദേശങ്ങൾ നൽകാൻ ജനങ്ങളോട് മോദി ആവശ്യപ്പെട്ടിരുന്നു.
മോദിയുടെ ആവശ്യത്തിന് പിന്നാലെ ചീറ്റകൾക്ക് പേരുകൾ കണ്ടെത്തുന്നതിനായി 2022 സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 31 വരെ ഇന്ത്യ ഗവൺമെന്‍റ് mygov.in എന്ന പ്ലാറ്റ്‌ഫോമിലൂടെ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ചീറ്റകൾക്ക് പുതിയ പേരുകൾ നിർദേശിച്ച് കൊണ്ട് 11,565 എൻട്രികളാണ് ലഭിച്ചതെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. ഇതിൽ നിന്ന് തെരഞ്ഞെടുത്ത പേരുകളാണ് ചീറ്റകൾക്ക് നൽകിയിട്ടുള്ളത്.
ഈ എൻട്രികൾ ഒരു സെലക്ഷൻ കമ്മിറ്റി പരിശോധിക്കുകയും പേരുകളുടെ പ്രാധാന്യവും പ്രസക്തിയും അടിസ്ഥാനമാക്കി നമീബിയൻ, ദക്ഷിണാഫ്രിക്കൻ ചീറ്റകളുടെ പേരുകൾ പുനർനാമകരണം ചെയ്യുകയുമായിരുന്നു. നമീബിയയിൽ നിന്നെത്തിച്ച അഷ എന്ന പെണ്‍ ചീറ്റയ്‌ക്ക് ആശ എന്നും ഓബൻ എന്ന ആണ്‍ ചീറ്റയ്‌ക്ക് പവൻ എന്നുമാണ് പേര് നൽകിയിട്ടുള്ളത്. ഫിൻഡ എന്ന ചിറ്റക്ക് ദീക്ഷ എന്നും മപേസു എന്ന ചീറ്റക്ക് നിർവ എന്നും പുനർനാമകരണം ചെയ്‌തിട്ടുണ്ട്. മറ്റ് ചീറ്റകളുടെ പേരുകളും മാറ്റിയിട്ടുണ്ട്.
ചീറ്റകളില്ലാത്ത ഏഴ് പതിറ്റാണ്ട്: നമീബിയൻ, ദക്ഷിണാഫ്രിക്കൻ ചീറ്റകൾക്ക് പുതിയ പേരുകൾ നിർദേശിച്ച മത്സരത്തിലെ വിജയികളെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭിനന്ദിച്ചു. 1947ൽ ഛത്തീസ്‌ഗഡിലെ കോറിയ ജില്ലയിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റകൾ കൊല്ലപ്പെടുന്നത്. സാൽ വനങ്ങളിലുണ്ടായിരുന്ന അവസാനത്തെ മൂന്ന് ചീറ്റകളെയും വേട്ടക്കാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.