കോലാപൂർ (മഹാരാഷ്‌ട്ര): നീണ്ട ഏഴ് ദശാബ്‌ദങ്ങൾക്ക് ശേഷമാണ് ചീറ്റപ്പുലികൾ ഇന്ത്യൻ മണ്ണിലേക്കെത്തുന്നത്. വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ കഴിഞ്ഞ ദിവസമാണ് ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചത്. അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും കുനോ നാഷണൽ പാർക്കിൽ തുറന്നുവിടുകയായിരുന്നു.
ചീറ്റകളെ വളർത്തി കോലാപൂർ രാജാവ്: എന്നാൽ വേട്ടയാടലിന് വേണ്ടി മാത്രം 35 ചീറ്റകളെ കോലാപൂരിൽ വളർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഛത്രപതി ഷാഹു മഹാരാജാവ് ആയിരുന്നു കോലാപൂരിൽ 35 ചീറ്റകളെ വേട്ടയാടലിന് ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് വേട്ടയാടലിന് പരിശീലനം നൽകിയിരുന്നു. രണ്ട് ചിറ്റേവാൻമാരായിരുന്നു ചീറ്റകളെ സംരക്ഷിച്ചിരുന്നത്.
ഇവറ്റകളെ കുളിപ്പിക്കുന്നതും പരിപാലിക്കുന്നതും ചിറ്റേവാന്മാരുടെ ജോലി ആയിരുന്നു. ചീറ്റ കാർഖാന അഥവാ ചിറ്റേഖാന എന്ന പ്രത്യേക സ്ഥലത്തായിരുന്നു ഇവയെ പാർപ്പിച്ചിരുന്നത്. ചിറ്റേഖാനകൾ കോലാപൂർ രാജാക്കന്മാരുടെ ഗതകാല പ്രതാപത്തിന്‍റെ അടയാളങ്ങളായി കോലാപൂരിലെ ബസ് സ്റ്റാൻഡ് പരിസരത്ത് ഇപ്പോഴും നിലകൊള്ളുന്നു.
പരിപാലനം ചിറ്റേവാന്മാർക്ക്: ചീറ്റകളുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ചിറ്റേവാന്മാരുടെ പിൻഗാമികൾ ഇപ്പോഴും കോലാപൂരിലെ ബിന്ദു ചൗക്ക് പ്രദേശത്ത് താമസിക്കുന്നുണ്ട്. കോലാപൂരിലെ രാജാക്കന്മാരെ കൂടാതെ രജപുത്ര രാജാക്കന്മാരും, ഹൈദരാബാദിലെ നവാബുമാരും ചീറ്റപ്പുലികളെ വളർത്തുന്നതിൽ പ്രശസ്‌തരായിരുന്നു. എന്നാൽ ഷാഹു മഹാരാജിന്‍റെ മരണശേഷം അവ പരിപാലിക്കപ്പെട്ടില്ല. തുടർച്ചയായി വേട്ടയ്ക്ക് ഉപയോഗിച്ചും വേട്ടയാടലിന് ഇരയാക്കിയും അവയെ വംശനാശത്തിന്‍റെ വക്കിൽ എത്തിച്ചു. 1960ലാണ് അവസാന ചീറ്റ ഇന്ത്യയിൽ നിന്ന് മറഞ്ഞതെന്ന് ചരിത്രകാരനായ ജയ്‌സിംഹറാവു പവാർ പറയുന്നു.
Also Read: ഏഴു പതിറ്റാണ്ടിന് ശേഷം ചീറ്റ ഇന്ത്യയില്‍: കുനോ ദേശീയോദ്യാനത്തില്‍ തുറന്നു വിട്ടു