ഗ്വാളിയോർ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റകൾ ചത്തൊടുങ്ങുന്നത് മതിയായ അളവില്‍ ഭക്ഷണം കിട്ടാതെയും മോശം മാംസം കഴിച്ചുമാണെന്ന് ആരോപണം. ദേശീയ പാർക്കിലെ ചീറ്റ ട്രാക്കിങ് ടീം വാഹനത്തിന്‍റെ മുൻ ഡ്രൈവറാണ് ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. ശിവപുരം ജില്ലക്കാരനായ സുനിൽ ഓജ കുനോ നാഷണൽ പാർക്കിലെ പാൽപൂർ വെസ്റ്റ് റേഞ്ചിൽ ഏകദേശം നാല് മാസം മുൻപ് വരെ ചീറ്റ ട്രാക്കിങ് ടീം വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു.
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നെന്ന് സുനിൽ പറഞ്ഞു. അധികൃതര്‍ പറയുന്നതുപോലെ ചീറ്റപ്പുലികൾ ചത്തത് അവയുടെ കഴുത്തിലെ അണുബാധ മൂലമല്ലെന്നാണ് സുനിലിന്‍റെ വാദം. 'ചീറ്റകൾക്ക് നൽകുന്നതിനായി കെഎൻപിയിൽ 200 കിലോയോളം ഇറച്ചി സൂക്ഷിച്ചിരുന്നു. എന്നാൽ അധികൃതരുടെ അനാസ്‌ഥ മൂലം ഇത് പഴകിപ്പോയി. എന്നാല്‍ ഇത് ചീറ്റകള്‍ക്ക് നല്‍കുകയും ചെയ്‌തു - സുനിൽ ഓജ ആരോപിച്ചു.
also read :കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു; മൂന്ന് മാസത്തിൽ ഇതുവരെ ചത്തത് മൂന്ന് ചീറ്റകൾ
ചീറ്റകൾ ചത്തതിന്‍റെ കാരണം അന്വേഷിക്കും :കെഎൻപി അധികാരികൾ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും സുനിൽ പറയുന്നു. കെഎൻപിയില്‍ അടുത്തിടെ രണ്ട് ചീറ്റകള്‍ ചത്തത് റേഡിയോ കോളർ ഉപയോഗിച്ചത് മൂലം കഴുത്തിൽ ഉണ്ടായ അണുബാധയെ തുടര്‍ന്നാണെന്ന് അധികൃതർ പറഞ്ഞിരുന്നു. വിഷയം സമഗ്രമായി അന്വേഷിക്കുമെന്നാണ് കുനോ നാഷണൽ പാർക്കിന്‍റെ ചുമതലയുള്ള ഡിഎഫ്ഒ പ്രകാശ് വർമ ഇടിവി ഭാരതിനോട് അന്ന് വ്യക്തമാക്കിയത്.