ന്യൂഡല്‍ഹി :നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റ പുലികളിലൊന്ന് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. അമൃത് കാല മഹോത്സവത്തിന്‍റെ കാലത്ത് തന്നെ ഇന്ത്യയുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രൊജക്‌ട് ചീറ്റ സംഘത്തെ പ്രശംസിച്ച് മന്ത്രി: 'നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2022 സെപ്‌റ്റംബര്‍ 17ന് ഇന്ത്യയിലേയ്‌ക്ക് മാറ്റി പാര്‍പ്പിച്ച ചീറ്റകളിലൊന്ന് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി'- അദ്ദേഹം ട്വീറ്റ് ചെയ്‌തു. പാരിസ്ഥിതിക പ്രശ്‌നം മൂലം വംശനാശം സംഭവിച്ച ഇനത്തെ രാജ്യത്ത് മാറ്റി പാര്‍പ്പിക്കാന്‍ കാരണമായ മുഴുവന്‍ സംഘത്തെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 17നാണ് തന്‍റെ 72ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് തുറന്നുവിട്ടത്.
അതില്‍ അഞ്ച് പെണ്‍ചീറ്റയും മൂന്ന് ആണ്‍ചീറ്റയും ഉള്‍പ്പെട്ടിരുന്നു. ഫെബ്രുവരി 18ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിച്ച 12 ചീറ്റകളെയായിരുന്നു രണ്ടാം ഘട്ടത്തില്‍ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് തുറന്നുവിട്ടത്. ശക്തമായ വേട്ടയാടലിനെ തുടര്‍ന്നും ആവാസ വ്യവസ്ഥ നഷ്‌ടമായതിനാലും ഇന്ത്യയില്‍ പൂര്‍ണമായും ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചിരുന്നു.
വംശനാശം : 1947ല്‍ കോരിയ ജില്ലയില്‍ അവസാന ചീറ്റയും ചത്തിരുന്നു. തുടര്‍ന്ന് 1952 ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് 2009 ല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് ചീറ്റകളെ തിരികെയെത്തിക്കുക എന്ന ആശയത്തില്‍ 'പ്രൊജക്‌റ്റ് ചീറ്റ' അവതരിപ്പിക്കുന്നത്.