ന്യൂഡൽഹി:ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളിൽ നിന്നും ഭാരത് ജോഡോ യാത്ര ഉന്നയിക്കുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് 'ചീറ്റ തമാശ'യെന്ന് കോണ്‍ഗ്രസ്. നമീബിയയില്‍ നിന്നുമെത്തിച്ച ചീറ്റപ്പുലികളെ കുനോ നാഷണല്‍ പാർക്കില്‍ പ്രധാനമന്ത്രി തുറന്നുവിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മുന്‍ സര്‍ക്കാരുകള്‍ തുടക്കമിട്ട പദ്ധതികള്‍ നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍, എന്നാല്‍ മോദി അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ശ്രദ്ധ തിരിക്കാന്‍ ചീറ്റത്തമാശ'; കോണ്‍ഗ്രസ് പദ്ധതിയുടെ ക്രെഡിറ്റ് മോദി സ്വന്തമാക്കുന്നെന്ന് ജയ്‌റാം രമേശ് - ഇന്നത്തെ വാര്‍ത്തകള്‍
സെപ്‌റ്റംബര്‍ 17 ന് രാവിലെ നമീബിയയില്‍ നിന്നും രാജ്യത്തെത്തിച്ച ചീറ്റകളെ കുനോ പാര്‍ക്കിലേക്ക് പ്രധാനമന്ത്രിയാണ് തുറന്നുവിട്ടത്. പിന്നാലെയാണ് കോണ്‍ഗ്രസ് വിമര്‍ശനം
''മുന്‍ സര്‍ക്കാരുകള്‍ മുന്നോട്ടുവച്ച പദ്ധതികളാണ് കേന്ദ്രം നടപ്പിലാക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി അക്കാര്യം ഒരിക്കലും അംഗീകരിക്കില്ല. 'ചീറ്റ പദ്ധതി' അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ്. 25.04.2010 ലെ എന്‍റെ കേപ്‌ടൗൺ സന്ദർശനത്തിലാണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. ഈ ചീറ്റ പദ്ധതിയാണ് ഏറ്റവും പുതിയ ഉദാഹരണം'', 2009-11 കാലത്ത് വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേശ് ട്വീറ്റിലൂടെ പറഞ്ഞു.
2009-11 കാലഘട്ടത്തിൽ കടുവകളെ ആദ്യമായി പന്നയിലേക്കും സരിസ്‌കയിലേക്കും മാറ്റിയപ്പോൾ നാശമെന്ന് ആരോപിച്ച നിരവധി പ്രവാചകന്മാർ ഉണ്ടായിരുന്നെന്നും അവ തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നും രമേശ് പറഞ്ഞു. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യൻ മണ്ണില്‍ നിന്നും വിട പറഞ്ഞ, ചീറ്റകളെ ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 17) രാവിലെയാണ് രാജ്യത്തെത്തിച്ചത്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നുള്ള ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാർക്കിലേക്ക് തുറന്നുവിട്ടത്.