ഭോപ്പാല്‍:നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിച്ച ചീറ്റകളില്‍ ഒരെണ്ണം ചത്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് ചീറ്റ ചത്തതെന്ന് കുനോ ദേശീയ ഉദ്യാനം അധികൃതർ വ്യക്തമാക്കി. അഞ്ചര വയസുള്ള സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്.
ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തു
ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനമാര്‍ഗം എത്തിച്ച ചീറ്റകളില്‍ ഒരെണ്ണം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തു
കഴിഞ്ഞ മൂന്ന് മാസമായി സാഷ അസുഖ ബാധിതയായിരുന്നുവെന്നും ദേശീയ ഉദ്യാനം അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയുടെ ഭാഗമായി 2022 സെപ്‌റ്റംബറിലാണ് നമീബിയയില്‍ നിന്ന് ഏഴ് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിച്ചത്. എയർലിഫ്‌റ്റ് വഴി ചീറ്റകളെ ഇന്ത്യയിലെത്തിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്‌തിരുന്നതാണ്.
പോസ്‌റ്റ്‌മോർട്ടം അടക്കമുള്ള കാര്യങ്ങൾക്ക് ശേഷമേ ചീറ്റയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ ലഭ്യമാകുക എന്ന് കുനോ ദേശീയ ഉദ്യാനം അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി മുതലാണ് സാഷ അസുഖബാധിതയായതെന്ന് പ്രിൻസിപ്പല്‍ ചീഫ് കൺസർവേറ്റർ ജെഎസ് ചൗഹാൻ ഇടിവി ഭാരതിനോട് പറഞ്ഞു. സാഷയ്ക്ക് രക്തത്തില്‍ അണുബാധ ഉണ്ടായിരുന്നതായും എന്നാല്‍ എപ്പോഴാണ് അണുബാധ ഉണ്ടായതെന്നോ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് അണുബാധ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. രണ്ട് ബാച്ചുകളിലായാണ് ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. കുനോ ദേശീയ ഉദ്യാനത്തില്‍ നിലവില്‍ 19 ചീറ്റകളാണുള്ളത്.