കാഠ്‌മണ്ഡു: ചാള്‍സ് ശോഭരാജിന്‍റെ മോചനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹത്തിന് മതിയായ ആരോഗ്യ പരിരക്ഷ നല്‍കുമെന്നും ഭാര്യ നിഹിത ബിശ്വാസ്. ചാള്‍സ് ശോഭരാജിന്‍റെ മോചനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിഹിത.
'സുരക്ഷ കാരണങ്ങളാല്‍ ഞങ്ങള്‍ അദ്ദേഹത്തെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകും. ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മറ്റൊരു ശസ്‌ത്രക്രിയ കൂടി അദ്ദേഹത്തിന് ആവശ്യമായി വന്നേക്കാം. ആരോഗ്യവും കുടുംബവും ആണ് അദ്ദേഹത്തിന് ഇപ്പോള്‍ പ്രധാനം', നിഹിത ബിശ്വാസ് പറഞ്ഞു.
സീരിയല്‍ കില്ലറായിരുന്ന ചാള്‍സ് ശോഭരാജിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നേപ്പാളിലെ ജയിലില്‍ നിന്ന് ഇന്നാണ് (23.12.22) മോചിപ്പിച്ചത്. ചാള്‍സിനെ ഇന്നലെ മോചിപ്പിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നതിനാല്‍ മോചനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ശിക്ഷയുടെ 95 ശതമാനവും ഇതിനകം പൂർത്തിയാക്കിയതിനാൽ 78 കാരനായ അദ്ദേഹത്തെ വെറുതെ വിട്ടുകൊണ്ട് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ജയിലില്‍ നിന്ന് മോചിപ്പിച്ച ചാള്‍സ് ശോഭരാജിനെ എമിഗ്രേഷന്‍ വകുപ്പിന് കൈമാറി.