പനാജി: നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ സന്ദര്‍ശനത്തിനെത്തിയ രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് കൊടും കുറ്റവാളി ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ബവ്‌നാനി എന്ന ചാള്‍സ് ശോഭരാജ് തിഹാര്‍ ജയിലറയിലേക്കെത്തുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മുപ്പതോളം അരുംകൊലകള്‍ തന്‍റെ ക്രൂരമായ മനോവൈകൃതത്തെ കൂട്ടുപിടിച്ച് നടപ്പാക്കിയ അയാള്‍ ലോകത്തിന് മുന്നില്‍ ബിക്കിനി കില്ലറും സാത്താന്‍റെ രൂപമായ സെര്‍പന്‍റുമായി മാറുന്നത് അങ്ങനെയാണ്. ലോകം ഭീതിയോടെ മാത്രം കണ്ട സീരിയല്‍ കില്ലര്‍ ഇന്ന് (22.12.22) ജയില്‍ മോചിതനാകുമ്പോള്‍ അയാള്‍ പൊലീസ് പിടിയിലാകുന്ന രംഗത്തിന് സാക്ഷിയായ അർമാൻഡോ ഗോൺസാൽവസ് എല്ലാം ഇന്നലെ നടന്നത് പോലെ തന്നെ ഓര്‍ക്കുന്നു:
സിനിമയോ ജീവിതമോ?: 1986 ഏപ്രിൽ ആറിന് ഗോവയിലെ പോര്‍വോറിമിലെ ഒ'കോക്വീറോ റെസ്‌റ്ററന്‍റ് ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. ഭക്ഷണശാലയുടെ മറ്റൊരു വശത്തായി ഒരു വിവാഹ ചടങ്ങ് നടക്കുന്നുണ്ട്. ഞാന്‍ എന്‍റെ സുഹൃത്ത് ഓസ്പിസിയോ റോഡ്രിഗസിനൊപ്പം അത്താഴം കഴിക്കുകയായിരുന്നു. പെട്ടന്നാണ് ഞങ്ങള്‍ക്ക് തൊട്ടടുത്തുള്ള മേശയില്‍ ഇരുന്നിരുന്ന ശോഭരാജിനെ പിടികൂടാന്‍ അന്നത്തെ മുംബൈ ക്രൈംബ്രാഞ്ച് ഇൻസ്പെക്‌ടർ മധുകർ സെൻഡേ തോക്ക് ചൂണ്ടുന്നത്. അല്‍പസമയത്തേക്ക് ഇതൊരു സിനിമ ഷൂട്ടിങ്ങാണെന്നാണ് ഞാൻ കരുതിയത്.
അദ്ദേഹത്തിനൊപ്പം മറ്റൊരു വിദേശിയുണ്ടായിരുന്നു. ഡേവിഡ് ഹാൾ എന്നു പേരുള്ള അയാള്‍ ലഹരിമരുന്ന് വില്‍പനക്കാരനാണെന്ന് പിന്നീടാണ് മനസിലായത്. രംഗത്തിന്‍റെ ഗൗരവം അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. എന്നാല്‍ ചാള്‍സ് ശോഭരാജ് പ്രകോപനങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. പൊലീസ് അതിന് തയ്യാറുമായിരുന്നില്ല. അയാളെ ബന്ധിക്കാനുള്ള കയറിനായി തിരയുകയായിരുന്നു പൊലീസ്. ഞാനും സുഹൃത്തും ഉടന്‍ തന്നെ കിച്ചണില്‍ ചെന്ന് കയര്‍ കൊണ്ടുവന്ന് പൊലീസിനെ ഏല്‍പ്പിച്ചു. കയറുകൊണ്ട് ബന്ധിച്ച് അയാളെ പോർവോറിമിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള മപുസ ടൗണിലേക്ക് പൊലീസ് കാറില്‍ കൊണ്ടുപോയി.
മപുസയിലെ ടൂറിസം വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അത്താഴത്തിനായി പൊലീസ് സംഘം വാഹനമൊതുക്കി. എന്നാല്‍ ആ സമയം വരെ ഗോവ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നില്ല. എന്നാല്‍ ഈ സമയത്തും ഞങ്ങള്‍ ശോഭരാജിനെ നിരീക്ഷിച്ചുവരികയായിരുന്നു. മഹാരാഷ്‌ട്ര അതിര്‍ത്തി വരെ ഞാനും ഓസ്‌പിസിയോയും ഞങ്ങളുടെ സ്‌കൂട്ടറില്‍ പൊലീസ് സംഘത്തെ അനുഗമിച്ചു എന്നും അർമാൻഡോ ഗോൺസാൽവസ് ഓര്‍ത്തെടുത്തു.