ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഡല്‍ഹിയിലെ 'ബാബ കാ ദാബ' ഭക്ഷണശാല ഉടമ കാന്ത പ്രസാദിന്‍റെ പണം തട്ടിയെടുത്തുവെന്ന കേസില്‍ യൂട്യൂബർ ഗൗരവ് വാസനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. ആരോപണം ഉന്നയിച്ചതിന് ഗൗരവ് വാസനോട് കാന്ത പ്രസാദ് മാപ്പ് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കേസില്‍ പുതിയ വഴിത്തിരിവ്.
ഗൗരവ് വാസന്‍റെയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടിലേക്ക് കാന്ത പ്രസാദിനായി നാല് ലക്ഷത്തിലധികം രൂപ സംഭാവന എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പണം കാന്ത പ്രസാദിന് കൈമാറിയിരുന്നില്ല. പൊലീസില്‍ കാന്ത പ്രസാദ് പരാതി നൽകിയതിന് ശേഷമാണ് ഗൗരവ് വാസന്‍ പണം കൈമാറിയതെന്നാണ് പൊലീസ് പറയുന്നത്.
Read more:ഫണ്ട് ദുരുപയോഗം; യൂട്യൂബർക്കെതിരെ ദാബ ഉടമയുടെ പരാതി
ലോക്ക്‌ഡൗണിനെ തുടര്‍ന്ന് കച്ചവടമില്ലാതെ വലഞ്ഞ 'ബാബാ കാ ദാബ' യെക്കുറിച്ചും കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഷ്‌ടപ്പാടിനെ കുറിച്ചുമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് നിരവധി ആളുകളാണ് കാന്ത പ്രസാദിന് സഹായവുമായെത്തിയത്. എന്നാല്‍ പിന്നീട് ഗൗരവ് വാസന്‍ പണം തട്ടിയെടുത്തെന്ന ആരോപണവുമായി കാന്ത പ്രസാദ് രംഗത്തെത്തി.
തുടര്‍ന്ന് കാന്ത പ്രസാദിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാൽവിയ നഗർ പൊലീസ് സ്റ്റേഷനിൽ ഗൗരവ് വാസനെതിരെ വഞ്ചന കേസ് ഫയൽ ചെയ്‌തു. കഴിഞ്ഞ വ്യാഴാഴ്‌ച ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ 80 കാരനായ കാന്ത പ്രസാദ് സഫ്‌ദർജംഗ് ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ കഴിയുകയാണ്.