ലുധിയാന (പഞ്ചാബ്) : മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരൺജിത് സിങ് ചന്നിയെ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. ലുധിയാനയിൽ ഞായറാഴ്‌ച നടന്ന കോണ്‍ഗ്രസ് റാലിയിലാണ് പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിന് മുൻപ് വീണ്ടും സുഹൃത്തുക്കളായ ചന്നിയും കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും വേദിയിൽ ആലിംഗനം ചെയ്‌തു. രാഹുൽ ഗാന്ധി, ചന്നി, സിദ്ദു, സുനിൽ കുമാർ ഝാക്കര്‍ തുടങ്ങിയവർ ഒരുമിച്ചാണ് വേദിയിലെത്തിയത്.
ആരാകും മുഖ്യമന്ത്രി സ്ഥാനാർഥി എന്നതിൽ നിലനിന്ന ഊഹാപോഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തിയത്. ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ് ചന്നി. അതിനാൽത്തന്നെ അദ്ദേഹത്തിന് ദാരിദ്ര്യം മനസിലാക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പഞ്ചാബിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി നിർണയത്തിൽ തനിക്ക് അഭിപ്രായം പറയാം. എന്നാൽ അന്തിമ തീരുമാനം സംസ്ഥാനത്തെ ജനങ്ങളുടേതായിരിക്കുമെന്ന് സിദ്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഞാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം അംഗീകരിച്ചു. എനിക്ക് തീരുമാനമെടുക്കാനുള്ള അംഗീകാരം നൽകിയാൽ ഞാൻ മാഫിയയെ ഇല്ലാതാക്കുകയും ജനജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും. ആരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാലും ഞാൻ പുഞ്ചിരിയോടെ അംഗീകരിക്കും.' സിദ്ദു പറഞ്ഞു.