ന്യൂഡല്‍ഹി : മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ഉയർന്നുകേട്ട സുഖ്‌ജിന്ദർ സിങ് രണ്‍ധാവക്ക് പകരം ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം.
പഞ്ചാബിന്‍റെ ചുമതലയുള്ള നേതാവ് ഹരീഷ് റാവത്ത് ട്വിറ്ററിലൂടെയാണ് ചരൺജിത് സിങ് ചന്നിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത വിവരം പുറത്തുവിട്ടത്. ഇതോടെ പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചന്നി മാറും.
ALSO READ : 'തൊഴിൽ കിട്ടുംവരെ കുടുംബത്തിലെ ഒരംഗത്തിന് പ്രതിമാസം 5,000 രൂപ' ; ഉത്തരാഖണ്ഡില്‍ വാഗ്‌ദാനങ്ങളുമായി ആംആദ്‌മി
സുഖ്‌ജിന്ദർ സിങ് രണ്‍ധാവയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പി.സി.സി അധ്യക്ഷന്‍ സിദ്ദുവിനുള്ള എതിര്‍പ്പാണ് ചരണ്‍ജിത്ത് സിങിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്. എ.ഐ.സി.സി നിരീക്ഷകരായ ഹരീഷ് റാവത്ത് അടക്കമുള്ളവര്‍ നേരത്തേ എംഎല്‍എമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതേസമയം നിരാശയില്ലെന്ന് സുഖ് ജിന്തർ സിംഗ് രൺധാവ പ്രതികരിച്ചു. പാർട്ടി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ചന്നി ഇളയ സഹോദരനപ്പോലെയാണെന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും രൺധാവ പറഞ്ഞു.