ദർഭംഗ (ബിഹാർ): 2005 ലെ വിവരവകാശ നിയമ പ്രകാരം സർക്കാർ ഭരണനിർവഹണം സംബന്ധിച്ച കാര്യങ്ങൾ അറിയാനുളള അവകാശം പ്രയോജനപ്പെടുത്തി വിചിത്രമായ ചോദ്യം ചോദിച്ച് വ്യത്യസാതനാകുകയാണ് ബിഹാർ സ്വദേശിയായ രാജ്‌കുമാർ ഝാ (Bihar Man Filed RTI Application On Climate Change). മൺസൂൺ കാലത്തെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ മടുത്ത ബിഹാറിലെ ദർഭംഗ ജില്ലയിൽ നിന്നുള്ള ഝാ വിവരവകാശ നിയമപ്രകാരം ഭൗമശാസ്‌ത്ര മന്ത്രാലയത്തിൽ നിന്ന് മറുപടി തേടികൊണ്ടാണ് അസാധാരണമായ ചോദ്യം ചോദിച്ചിരിക്കുന്നത്. ദർഭംഗ ജില്ലയിലെ ഗൗര ബൗറാം ബ്ലോക്കിന് കീഴിലുള്ള മഹുവാർ ഗ്രാമത്തിലെ ആക്‌ടിവിസ്‌റ്റായ രാജ്‌കുമാർ ഝാ ഭൗമശാസ്‌ത്ര മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ ദൈവത്തോട് ഉപദേശം തേടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ പ്രദേശം മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നില്ലെന്നും അതിനാൽ ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് (ISRO's Chandrayaan 3 Mission) ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നുമാണ് വിവരവകാശ അപേക്ഷയിൽ ഝാ സമർപ്പിച്ചിരിക്കുന്നത്.
രാജ്‌കുമാർ ഝായുടെ വിവരാവകാശ അപേക്ഷ ഇങ്ങനെ : അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യ ഗവൺമെന്‍റ് കൃത്യസമയത്ത് മഴ പെയ്യിക്കാൻ കഴിയാത്തതിന്‍റെ കാരണം എന്താണെന്ന് ദൈവത്തിൽ നിന്ന് ഉപദേശം തേടണ്ടതുണ്ട്. ഈയിടെ ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയതിന് ശേഷം പ്രകൃതിയോട് കലഹിച്ചിട്ടുണ്ടോ? വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ എനിക്ക് നൽകുക - എന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.