ബെംഗളൂരു: 2023 ഓഗസ്‌റ്റ് 23 ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ എന്നും സുവർണശോഭയില്‍ തിളങ്ങി നില്‍ക്കുന്ന ദിവസം. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3(chandrayaan 3) ചന്ദ്രനെ തൊട്ടു. പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍(propulsion module) നിന്ന് വേർപെട്ട ലാൻഡർ മൊഡ്യൂൾ(lander module) ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡ്(soft land) ചെയ്‌തു.
നാല് വർഷത്തെ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അക്ഷീണ പരിശ്രമമാണ് ഇതോടെ വിജയം കണ്ടത്. കൊവിഡ് കാലത്തുണ്ടായ പ്രശ്‌നങ്ങൾ മറികടന്ന് ഐഎസ്ആർഒയുമായി(ISRO) ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ(space scientists) വലിയ ശൃംഖല ഒരേ മനസോടെ ഒന്നിച്ച് പ്രവർത്തിച്ചു. ആയിരത്തോളം ശാസ്ത്രജ്ഞരും എൻജിനീയർമാരും ചേർന്നാണ് ദൗത്യത്തിന് പിന്നില്‍ പ്രവർത്തിച്ചതെന്നാണ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞത്.
പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍ണായക വ്യക്തികള്‍: മലയാളികൾക്ക് അഭിമാനമായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ(vikram sarabhai space centre) ഡയറക്‌ടർ ഉണ്ണികൃഷ്‌ണൻ നായരും(unnikrishnan nair) സഹപ്രവർത്തകരും ചന്ദ്രയാൻ 3 വിജയത്തിന് പിന്നില്‍ പ്രവർത്തിച്ചിരുന്നു. ബെംഗളൂരു യുആർ റാവു സാറ്റലൈറ്റ് സെന്‍ററിലെ(u r rao satellite centre) കല്‍പന കെ(kalpana k), ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ പ്രൊജക്‌ട് ഡയറക്‌ടറായിരുന്ന എം വനിത(m vanitha) എന്നിവരും ഈ ദൗത്യത്തില്‍ നിർണായക സാന്നിധ്യമായി. വർഷങ്ങളായി ഐഎസ്ആർഒ ഉപഗ്രഹങ്ങളുടെ പിന്നില്‍ പ്രവർത്തിക്കുന്ന എം ശങ്കരൻ( m shankaran), തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്‌റ്റംസ് സെന്‍റർ(liquid propulsion systems centre) ഡയറക്‌ടറും എൻജിൻ വിദഗ്‌ധനുമായ വി നാരായണൻ(v narayanan) എന്നിവരും ചന്ദ്രയാൻ 3യുടെ വിജയത്തില്‍ നിർണായകമായ പേരുകളാണ്.
2023 ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തില്‍ 35 ദിവസങ്ങൾക്ക് ശേഷം ഓഗസ്‌റ്റ് 17നാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെട്ടത്. ഓഗസ്‌റ്റ് 18ന് വീണ്ടും താഴ്‌ന്ന ഭ്രമണപഥത്തിലേക്ക് മാറി. ഓഗസ്‌റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3യിലെ പേ ലോഡ് ഇനി ഭൂമിയേയും ചന്ദ്രനേയും ആവാസ യോഗ്യമാക്കുന്ന ഘടകങ്ങളെ കുറിച്ച് പഠനം നടത്തും.